ഉരുൾപൊട്ടലിൽ റോഡിൽ വന്നടിഞ്ഞ മണ്ണും കല്ലും നീക്കിത്തുടങ്ങി
1460702
Saturday, October 12, 2024 3:32 AM IST
പറത്താനം: ചോലത്തടം-കാവാലി-കൂട്ടിക്കൽ റോഡിൽ ഉരുൾപൊട്ടലിൽ വന്നടിഞ്ഞ മണ്ണും കല്ലും നീക്കിത്തുടങ്ങി. കഴിഞ്ഞ ഓഗസ്റ്റ് 17നാണ് കാവാലി മലമുകളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്നു റോഡിൽ കല്ലും മണ്ണും നിറഞ്ഞത്.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അന്ന് ഒരു വാഹനത്തിനു മാത്രം കടന്നു പോകാവുന്ന രീതിയിൽ റോഡിലെ മണ്ണ് നീക്കിയിരുന്നു. എന്നാൽ നാളുകളായി 150 മീറ്ററോളം ദൂരത്തിൽ വലിയ പാറകളും മണ്ണും റോഡിന്റെ വശത്തു കിടന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ദുഷ്കരമായിരുന്നു. കൂടാതെ കാവാലി-കൂട്ടിക്കൽ റോഡിന്റെ പല ഭാഗങ്ങളിലും അന്നു മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇങ്ങനെ റോഡിൽ അടിഞ്ഞുകൂടിയ മണ്ണും കല്ലുമാണ് ഇപ്പോൾ നീക്കിത്തുടങ്ങിയിരിക്കുന്നത്.
മണ്ണിടിച്ചിലുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ കൂടിക്കിടക്കുന്ന മണ്ണും കല്ലും നീക്കം ചെയ്യാത്തതിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു. രണ്ടു ലോറിയും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചാണ് ഇപ്പോൾ റോഡിലെ മണ്ണു നീക്കുന്നത്. കൂട്ടിക്കൽ, ഏന്തയാർ പ്രദേശങ്ങളിലുള്ളവർക്ക് ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലേക്ക് പോകുവാനുള്ള എളുപ്പ വഴിയാണിത്.
കൂടാതെ മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ-നെടുമ്പാശേരി റോഡിന്റെ ഭാഗമായി നവീകരിച്ച റോഡ് കൂടിയാണിത്.