ദളിത്-ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവിന് നാളെ തുടക്കം
1460700
Saturday, October 12, 2024 3:32 AM IST
കോട്ടയം: ദളിത്-ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവിന് നാളെ കോട്ടയത്ത് തുടക്കം. നാളെ രാവിലെ 10നു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വിസികെ ദേശീയ പ്രസിഡന്റ് ഡോ. തൊല് തിരുമാവളന് എംപി ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതിയുടെ ക്രീമിലെയര്‍- ഉപസംവരണവിധി തള്ളിക്കളയണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
ദേശീയ നേതാക്കളായ അശോക് ഭാരതി, ഡോ. ഡി. രവികുമാര്‍, മല്ലേപ്പള്ളി ലക്ഷ്മയ്യ, പ്രഭാകര്‍ രാജേന്ദ്രന്, അരുണ്‍ ഖോട്ട്, എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എസ്സി-എസ്ടി കമ്മീഷന് ചെയര്മാന് ബി.എസ്. മാവോജി, സോമപ്രസാദ്, കെ.കെ. സുരേഷ്, സണ്ണി കപിക്കാട്, പി. രാമഭദ്രന് അടക്കം നിരവധിപേര്‍ പങ്കെടുക്കും.
14നു കോട്ടയം ഐഎംഎ ഹാളില്‍ നടക്കുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ 200 ദളിത് - ആദിവാസി സംഘടനാ പ്രതിനിധികള്‍, നിയമവിദഗ്ധര്‍, അക്കാദമിക്കുകള്‍, സര്‍വീസ് സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ദേശീയതലത്തില്‍ ഉയര്‍ത്തുന്ന സുപ്രധാന നയരേഖകളാണ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുകയെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവ് ജനറല്‍ കോഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്, ജനറല്‍ കണ്‍വീനര്‍ കെ. അംബുജാക്ഷന്, ഡോ. കല്ലറ പ്രശാന്ത്, സി.ജെ. തങ്കച്ചന്, സി.ഐ. ജോണ്സണ് എന്നിവര്‍ പങ്കെടുത്തു.