ഓട്ടോറിക്ഷകളുടെ അനധികൃത സർവീസ്: യൂണിയനുകൾ സൂചനാസമരം നടത്തി
1460451
Friday, October 11, 2024 5:18 AM IST
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡിന് മുന്പില് സ്റ്റാന്‍ഡ് പെര്‍മിറ്റ് ഇല്ലാതെ അനധികൃതമായി ഓടുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സിഐടിയു, ഐഎന്‍ടിയുസി സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ സൂചനാസമരം നടത്തി.
നിലവില്‍ ദേശീയപാതയോരത്താണ് സ്റ്റാന്‍ഡ് പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ കിടക്കുന്ന അംഗീകൃത സ്റ്റാന്‍ഡുള്ളത്. എന്നാല്‍, പല സ്ഥലങ്ങളില്‍ നിന്നെത്തുന്ന ഓട്ടോറിക്ഷകള്‍ പുത്തനങ്ങാടി റോഡില്‍ ബസ് സ്റ്റാന്‍ഡിന് മുന്പില് കിടന്ന് അനധികൃതമായി ഓടുന്നുണ്ടെന്നാണ് യൂണിയനുകള്‍ ആരോപിക്കുന്നത്. ഇതിനെതിരേ പോലീസിലും പഞ്ചായത്തിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് തൊഴിലാളി യൂണിയന് ഭാരവാഹികള്‍ പറയുന്നു. അനധികൃതമായി ബസ് സ്റ്റാന്‍ഡിന് മുന്പില് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.
സിഐടിയു ഓട്ടോ, ടാക്സി യൂണിയന് ഏരിയ സെക്രട്ടറി കെ.എസ്. ഷാനവാസ് സമരം ഉദ്ഘാടനം ചെയ്തു. തൊഴിലാളി യൂണിയന് ഭാരവാഹികളായി കെ.കെ. ബാബു, ഉനൈസ് ബഷീര്‍, സജി പിഞ്ചുപള്ളി, ഷിബിലി, നവാസ്, ബാബു, സോജിമോന്‍, ടിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.