വനവത്കരണം അനുവദിക്കില്ല: ആന്റോ ആന്റണി എംപി
1460450
Friday, October 11, 2024 5:18 AM IST
എരുമേലി: ഇരുമ്പൂന്നിക്കരയിൽ നാട്ടുകാരുടെ ഭൂമി വിലയ്ക്ക് വാങ്ങി വനമാക്കി ആദിവാസികളെ ഒറ്റപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നവകിരണം പദ്ധതി അനുവദിക്കില്ലെന്ന് ആന്റോ ആന്റണി എംപി. ഇന്നലെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കൽ ജനകീയസമിതി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടയം ഉള്ളവരിൽനിന്നു 15 ലക്ഷം രൂപയ്ക്ക് സ്ഥലം ഏറ്റെടുത്ത് ഇടവനം സൃഷ്ടിക്കുമ്പോൾ ഇവിടെത്തന്നെയുള്ള ആദിവാസികൾ പൂർണമായും വനത്തിനുള്ളിൽ ആയിപ്പോകും. റോഡുകൾ, വഴിവിളക്കുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള സ്ഥലങ്ങളാണ് വനമാക്കാൻ പോകുന്നതെന്നും ഇതു ജനദ്രോഹമാണെന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.
പട്ടികവർഗ ഊരുകൂട്ടം സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ പ്രകാശ് പുളിക്കൻ, നാസർ പനച്ചി, മാത്യു ജോസഫ്, ഊരുകൂട്ടം ജില്ലാ സെക്രട്ടറി അശോകൻ പതാലിൽ, മുരളീധരൻ, പ്രസന്നൻ പറപ്പള്ളിൽ, ഹനീഫ വടക്കേതിൽ തുടങ്ങിയവർ പ്രസംഗിച്ചു.