ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ മരുന്നുവിതരണ പദ്ധതി
1460445
Friday, October 11, 2024 5:18 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബിആർസി, ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ ചേർന്ന് പഠിക്കുന്നവരും എന്നാൽ, വിവിധ ശാരീരിക വെല്ലുവിളികൾമൂലം വിദ്യാലയത്തിൽ എത്താൻ കഴിയാതെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നവരുമായ നിർധനരായ കുട്ടികൾക്കായി ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ മാസംതോറും അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്ന സഞ്ജീവനി പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും.
ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന യോഗത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും സംയുക്തമായി ഉദ്ഘാടനം നിർവഹിക്കും. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം മുഖ്യാതിഥിയായിരിക്കും.
ലയൺസ് ക്ലബ് പ്രസിഡന്റ് ഷാജിമോൻ ജോസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, ലയൺസ് ക്ലബ് അംഗങ്ങൾ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ, എസ്എസ്കെ പ്രതിനിധികൾ, ഭിന്നശേഷി കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.