മറക്കാനാവുമോ പോസ്റ്റ് കാര്‍ഡും ഇന്‍ലന്‍ഡും പിന്നെ, മണി ഓര്‍ഡറും...
1460091
Wednesday, October 9, 2024 11:44 PM IST
കോട്ടയം: പോസ്റ്റ് ഓഫീസും പോസ്റ്റ് മാസ്റ്ററും പോസ്റ്റ്മാനും റണ്ണറുമൊക്കെ ജീവിതങ്ങളെ ചലിപ്പിച്ചിരുന്ന കാലം. സ്വന്തം പോസ്റ്റ് ഓഫീസും പിന്‍കോഡും കാണാതെ അറിയാത്തവര്‍ ചുരുക്കം. ഇന്റര്‍നെറ്റും ഇമെയിലും വാട്സ് ആപ്പും മെസഞ്ചറും ഫേസ്ബുക്കുമൊക്കെ ലോകത്തെ വിരല്‍ത്തുമ്പിലാക്കിയ ന്യൂജെൻ തലമുറയ്ക്ക് അറിവില്ല പഴയ എഴുത്തുകുത്തു ജീവിതം.
കാര്‍ഡും ഇന്‍ലന്‍ഡും എയര്‍മെയിലും കവറും മാത്രമല്ല പരീക്ഷാ അറിയിപ്പുകളും നിയമനങ്ങളുമൊക്കെ കാത്ത് അക്ഷമരായി രാവിലെ പോസ്റ്റ് ഓഫീസില്‍ നില്ക്കുന്ന ആള്‍ക്കൂട്ടം. എഴുത്തു പൊട്ടിച്ച് ഉള്ളടക്കം വായിക്കുന്നതും വായിച്ചുകേള്ക്കുന്നതും പിന്നീട് വായിക്കാന്‍ കമ്പിയില്‍ കൊളുത്തിയിടുന്നതുമൊക്കെ ഒരു കാലം. മണി ഓര്‍ഡര്‍ അയയ്ക്കാനും വാങ്ങാനും പോസ്റ്റ് ഓഫീസിലേക്കുള്ള ഓട്ടം.
വിശേഷങ്ങളുമായി എത്തും പോസ്റ്റ്മാൻ
മാസികകളും ആഴ്ചപ്പതിപ്പുകളും തുടങ്ങി പ്രസിദ്ധീകരണങ്ങളുമായി വീടുകള്‍ കയറിയിറങ്ങുന്ന പോസ്റ്റ്മാനും അവരുടെ കനപ്പെട്ട സഞ്ചിയും. ഏറ്റവും കൂടുതല്‍ കാല്‍നടയാത്ര നടത്തിയിരുന്നതും പോസ്റ്റ്മാന്‍തന്നെ. കുന്നും പാടവും പുഴയും തോടും റോഡും ഇടവഴിയും താണ്ടി ദിവസേന ആറേഴ് മൈല്‍ നടത്തം. മഴയും വെയിലും മഞ്ഞും നേരിടാന്‍ പോസ്റ്റ്മാന് തപാല്‍ വകുപ്പിന്റെ കരുതലായി കാലന്‍കുട.
നാട്ടിലെ എല്ലാ വീടുകളെയും വീട്ടുകാരെയും അറിയുന്നതും കൃത്യമായ വീട്ടുവിലാസം കാണാതറിയാവുന്നതും പോസ്റ്റ്മാന്മാത്രം. അടുത്തുള്ള സ്കൂളുകള്‍ കയറിയിറങ്ങിയാല്‍ ഒട്ടേറെ കത്തുകള്‍ പോസ്റ്റ്മാന് കുട്ടികളുടെ കൈവശം കൊടുത്തുവിടാം. പഠിപ്പിക്കുന്ന സമയത്തും ക്ലാസില്‍ കയറിവരാന്‍ അലിഖിത അനുമതിയുള്ള അടിയന്തര സര്‍വീസുകാരനായി പോസ്റ്റ്മാന് അംഗീകരിക്കപ്പെട്ടിരുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പെന്ഷന് എത്തിക്കുന്നതും പോസ്റ്റ്മാന്.
അഞ്ചലോട്ടക്കാരൻ വരുന്നേ...വഴി മാറിക്കോ
കേണല്‍ മണ്ട്രോയുടെ കാലത്ത് അവശ്യതപാലുമായി മണികിലുക്കിവരുന്ന അഞ്ചലോട്ടക്കാരനെക്കുറിച്ച് പുതിയ കാലം കേട്ടിട്ടുണ്ടാവില്ല. സന്ദേശവാഹകന്, ദൈവദൂതന് എന്നൊക്കെ അര്‍ഥമുള്ള ആഞ്ചലസ് എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് അഞ്ചല്‍ വാക്കിന്റെ ഉത്ഭവം. റോഡുകളുടെ നിശ്ചിത ദൂരത്തിലായി അഞ്ചലോട്ടക്കാര്‍ നിന്നിരുന്നു. ഒരാള്‍ നിശ്ചിത ദൂരം ഓടി അടുത്തയാള്‍ക്ക് കൈമാറും. കാക്കി നിക്കറും ഉടുപ്പും തലയില്‍ ചുവന്ന കരയുള്ള കാക്കി തൊപ്പിയും. കൈയില്‍ കുന്തംപോലൊരു വടി. മണികെട്ടിയ അരപ്പട്ട, തോളില്‍ കത്തുകള്‍ നിറച്ച തുകല്‍ സഞ്ചി. ഇതായിരുന്നു അഞ്ചലോട്ടക്കാരന്റെ വേഷം.
വടി ഉയര്‍ത്തിപ്പിടിച്ച് വഴിയുടെ നടുവിലൂടെ ഓടുമ്പോള്‍ അരപ്പട്ടയിലെ മണി കിലുങ്ങും. ആംബുലന്‍സിന് നല്കുന്ന അതേ പരിഗണനയില്‍ എല്ലാവരും വഴിമാറിക്കൊടുക്കണം. അതാണ് നിയമം.
അഞ്ചടി ഉയരത്തില്‍ പച്ച നിറത്തില്‍ ഉരുക്കില്‍ പണിത അഞ്ചല്‍പ്പെട്ടികള്‍. അതിനു മുകളില്‍ തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ അഞ്ചല്‍ തപാല്‍ ഇന്ത്യന്‍ തപാല്‍ വകുപ്പില്‍ ലയിച്ചു.
പോസ്റ്റ് ഓഫീസുകള്‍ക്ക് അടുത്ത കാലംവരെ വേറെയും അധികാരങ്ങളുണ്ടായിരുന്നു. റേഡിയോ സ്വന്തമായുള്ളവര്‍ക്ക് ചെറിയൊരു നികുതിയുണ്ടായിരുന്നു. അത് അടയ്ക്കേണ്ടത് പോസ്റ്റ് ഓഫീസില്‍. സീല്‍ പതിച്ചു സൂക്ഷിക്കാന്‍ ചെറിയൊരു ബുക്കും. പോസ്റ്റല്‍ വകുപ്പ് ധനകാര്യ രംഗത്തേക്കു വന്നതോടെ പോസ്റ്റല്‍ സേവിംഗും സ്ഥിരനിക്ഷേപവുമൊക്കയായി വൈവിധ്യവത്കരിക്കപ്പെട്ടു.
എക്കാലവും പോസ്റ്റ് ഓഫീസുകള്‍ നാടിന്റെ സിരാകേന്ദ്രംതന്നെ.
അവശ്യ അറിയിപ്പുകളുമായി കമ്പിത്തപാല്‍
അവശ്യ അറിയിപ്പുകളുമായി ടെലഗ്രാം അഥവാ കമ്പിത്തപാല്‍. പലപ്പോഴും മരണ അറിയിപ്പുകളായിരിക്കും കമ്പിയിലെ കറുത്ത അക്ഷരങ്ങള്‍. ഓരോ ഗ്രാമത്തിലെയും പോസ്റ്റ് ഓഫീസ് നാട്ടുകാരുടെ അവശ്യസര്വീസായിരുന്നു. പോസ്റ്റ് ഓഫീസിനു മുന്നില്‍ സദാ വാ തുറന്നിരിക്കുന്ന ചുവന്ന തൂക്കുപെട്ടിയും അതില്‍ വീഴുന്ന തപാല്‍ ഉരുപ്പടികളും.
പോസ്റ്റ് മാസ്റ്ററുടെ ഓഫീസ് ഫയലില്‍ ഭദ്രമായി സൂക്ഷിക്കപ്പെടുന്ന സ്റ്റാമ്പുകള്‍. ഉമിനീര് തൊട്ട് സ്റ്റാമ്പ് ഒട്ടിക്കുന്നതില്‍ ഒരാള്‍ക്കും മാനക്കേടില്ലായിരുന്നു. എഴുത്ത് അറിയാത്തവര്‍ അറിയാവുന്ന ഭാഷയില്‍ പറയുന്ന കാര്യങ്ങള്‍ പഠിപ്പുള്ളവരാണ് എഴുതിക്കൊടുത്തിരുന്നത്. വായിക്കാനറിയാത്തവര്‍ എഴുത്തുവായിച്ചു കേള്‍ക്കാന്‍ പഠിപ്പുള്ളവരെ തേടിപ്പോകും. അങ്ങനെ എഴുത്തിലെ ഉള്ളടക്കം അയല്‍ക്കാരെല്ലാം അറിയും.
തപാല്‍ ഓഫീസുകളില്‍ ഉരുക്കുപിടിയുള്ള സീലുകള്‍ ദിവസേന തീയതി മാറ്റി മഷിയില്‍ മുക്കി ഉരുപ്പടിയില്‍ ആഞ്ഞുകുത്തുമ്പോള്‍ എഴുത്തുകുത്ത് പൂര്‍ണം. ഉരുപ്പടികള്‍ നനവുതട്ടാത്ത ചണച്ചാക്കില്‍ മെയിന്‍ പോസ്റ്റ് ഓഫീസില്‍നിന്ന് എത്തിക്കുകയും മടക്കത്തപാല്‍ കൊണ്ടുപോവുകയും ചെയ്യുന്ന റണ്ണര്‍. റണ്ണര്‍ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയായിരുന്നു സൈക്കിള്‍ ആഞ്ഞു ചവിട്ടാന്‍ അറിഞ്ഞിരിക്കണമെന്നത്.