ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയിൽ കണമലയെ ഒഴിവാക്കുന്നു
1460084
Wednesday, October 9, 2024 11:44 PM IST
കണമല: കൊല്ലം ജില്ലയിലെ ഭരണിക്കാവിൽനിന്ന് തുടങ്ങി പത്തനംതിട്ട, കോട്ടയം ജില്ലകളിലൂടെ കടന്നുപോകുന്ന നിർദിഷ്ട ഭരണിക്കാവ്-മുണ്ടക്കയം 183എ ദേശീയപാതയുടെ റൂട്ടിൽ എരുമേലി ടൗണിനു പിന്നാലെ ഇപ്പോൾ കണമലയെയും ഒഴിവാക്കുന്നു.
നിർദിഷ്ട വിമാനത്താവളത്തിനു സമീപം കടന്നു പോകുന്ന വിധം തയാറാക്കിയ നിർദിഷ്ട ഗ്രീൻ ഫീൽഡ് ദേശീയപാതയുടെ റൂട്ടിലും നേരത്തെ എരുമേലി ടൗണിനെ ഒഴിവാക്കിയിരുന്നു. നിർദിഷ്ട ഗ്രീൻ ഫീൽഡ് പാത പ്ലാച്ചേരിയിലെത്തി എരുമേലി ടൗൺ ഒഴിവാക്കി കൂവപ്പള്ളിയിലെത്തി കടന്നുപോകുന്ന വിധമാണ് തയാറാക്കിയിട്ടുള്ളത്.
ഭരണിക്കാവ്-മുണ്ടക്കയം 183എ ദേശീയപാതയുടെ റൂട്ടിൽ കണമല-എരുത്വാപ്പുഴ ഭാഗം ദേശീയപാതയുടെ അംഗീകൃത ഗ്രേഡിയന്റ് പ്രകാരം ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് നേരിടുമെന്ന് റൂട്ടിന്റെ അലൈൻമെന്റ് നിർണയത്തിൽ പ്രാഥമികമായി കണ്ടെത്തിയെന്ന് ദേശീയപാതാ അഥോറിറ്റി വിഭാഗം പറയുന്നു. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചാലാണ് നിർദിഷ്ട ദേശീയപാതയിൽ കോട്ടയം ജില്ലയിലെ വികസന പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുകയെന്ന് അധികൃതർ പറയുന്നു.
കണമലയിൽ നിന്നും കാളകെട്ടി-കോരുത്തോട് വഴി മുണ്ടക്കയത്ത് എത്തുന്ന വിധമുള്ള റൂട്ടാണ് നിലവിൽ പരിഗണിച്ചു കൊണ്ടിരിക്കുന്നതെന്ന് പറയുന്നു. മൊത്തം 119 കിലോമീറ്ററാണ് പാതയുടെ ആകെ ദൂരമായി നേരത്തെ നിർണയിച്ചിരുന്നത്. 10 മീറ്ററാണ് വീതി. വീതികൂട്ടാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് എരുമേലി ടൗണും മുക്കൂട്ടുതറ ടൗണും ദേശീയപാതയുടെ റൂട്ടിൽനിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. പകരം മുക്കൂട്ടുതറയിൽ ബൈപാസ് പണിയുന്നതിന് നിർദേശമുണ്ടായിരുന്നു. എരുമേലി ടൗൺ ഒഴിവാക്കി എംഇഎസ് കോളജ് ജംഗ്ഷനിൽനിന്ന് വലത്തേക്കു തിരിഞ്ഞ് പേരൂർതോട്ടിലേക്കുള്ള റോഡാണ് ദേശീയപാതയാക്കുന്നതിന് തെരഞ്ഞെടുത്തിരുന്നത്. ഇതിനായി എംഇഎസ് ജംഗ്ഷൻ വികസിപ്പിക്കുന്നതിന് പദ്ധതി തയാറാക്കാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ കണമല - എരുത്വാപ്പുഴ ഭാഗം ദേശീയപാതയുടെ അംഗീകൃത ഗ്രേഡിയന്റ് പ്രകാരം ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് നേരിടുമെന്ന് കണ്ടെത്തിയതോടെ ഈ നിർദേശങ്ങളും റൂട്ടും ഒഴിവാക്കുമെന്നാണ് സൂചന.