ഫിലാറ്റലി ദിനാഘോഷവും സ്റ്റാമ്പ് പ്രദർശനവും
1460080
Wednesday, October 9, 2024 11:44 PM IST
കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി പോസ്റ്റൽ ഡിവിഷന്റെയും കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ ഫിലാറ്റലി ക്ലബിന്റെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ ഫിലാറ്റലി ദിനാഘോഷവും സ്റ്റാമ്പ് പ്രദർശനവും നടത്തി. ഫിലാറ്റലി പോസ്റ്റൽ പ്രദർശനം പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ ഉദ്ഘാടനം ചെയ്തു.
പോസ്റ്റ് മാസ്റ്റർ കെ.സി. ശ്രീലേഖ കേക്ക് മുറിച്ച് പോസ്റ്റൽ ഫിലാറ്റലി ദിനാഘോഷം പങ്കുവച്ചു. എകെജെഎം സ്കൂൾ ഫിലാറ്റലി ക്ലബ് കോഓർഡിനേറ്റർ ഫാ. വിൽസൺ പുതുശേരി എസ്ജെയുടെ സ്റ്റാമ്പ് ശേഖരത്തിൽ നിന്നാണ് പ്രദർശനം സംഘടിപ്പിച്ചത്.
അമ്പതു വർഷത്തോളമായി നടത്തി വരുന്ന സ്റ്റാമ്പ് ശേഖരത്തിൽ അപൂർവമായ നിരവധി സ്റ്റാമ്പുകളും വിവിധ രാജ്യങ്ങളുടെ കറൻസികളും ഉണ്ടായിരുന്നു. നിരവധി സ്കൂളുകളിലെ കുട്ടികൾ പ്രദർശനം കാണാൻ എത്തിയിരുന്നു. പ്രദർശനത്തോടനുബന്ധിച്ച് കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി ക്വിസ് മത്സരങ്ങളും പോസ്റ്റ് ഓഫീസ് സംവിധാനങ്ങളെക്കുറിച്ചുള്ള സെമിനാറും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് മാത്യു ജേക്കബ്, കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ പോസ്റ്റ് മാസ്റ്റർ കെ.സി. ശ്രീലേഖ, ട്രെയിനർ എസ്. നീതു, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എം. സന്തോഷ്, മെയിൽ ഓവർസിയർമാരായ അശോകൻ, സ്വപ്ന ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.