കേന്ദ്രമന്ത്രി സുരേഷ് ഗോപി അരുവിത്തുറ പള്ളി സന്ദർശിച്ചു
1460075
Wednesday, October 9, 2024 11:44 PM IST
ഈരാറ്റുപേട്ട: കേന്ദ്രമന്ത്രി സുരേഷ് ഗോപി അരുവിത്തുറ പള്ളിയിൽ സന്ദർശനം നടത്തി പ്രാർഥിച്ചു. ഇന്നലെ രാവിലെ 11 ന് പള്ളിയിൽ എത്തിയ സുരേഷ് ഗോപിയെ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കദളിയിൽ, കോളജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു സ്വീകരിച്ചു.
കെടാവിളക്കിൽ എണ്ണയൊഴിച്ചശേഷം പള്ളിയിൽ കയറി അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപത്തിന് മുന്നിൽ പ്രാർഥിച്ചു പുറത്തേക്കു വന്ന മന്ത്രിക്ക് അരുവിത്തുറ വല്യച്ചന്റെ പ്രതിമ പള്ളി വികാരിയും മറ്റു ഭാരവാഹികളും ചേർന്ന് സമ്മാനിച്ചു.
ബിജെപി നേതാവ് പി.സി. ജോർജ്, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബിജെപി മധ്യ മേഖലാ പ്രസിഡന്റ് എൻ. ഹരി, ജില്ലാ ഉപാധ്യക്ഷ മിനർവ മോഹൻ, ജില്ലാ കമ്മിറ്റിയംഗം ആർ. സുനിൽകുമാർ, ബിൻസ് മാളിയേക്കൽ, എം.എസ്. ശ്രീകാന്ത്, സുരേഷ് ഇഞ്ചയിൽ, ജോസ് ഫ്രാൻസിസ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.