ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു
1460067
Wednesday, October 9, 2024 11:24 PM IST
ഏറ്റുമാനൂർ: പതിറ്റാണ്ടുകളോളം ഒന്നിച്ചു ജീവിച്ച ദമ്പതികളുടെ വിയോഗം തൊട്ടടുത്ത ദിവസങ്ങളിൽ. ഒരേ ദിവസം ഒരേ കബറിടത്തിൽ അന്ത്യവിശ്രമം. പേരൂർ തറപ്പേൽ ടി.വി. ലൂക്കോസും ഭാര്യ ബേബി ലൂക്കോസുമാണ് അന്ത്യ യാത്രയിലും ഒരുമിച്ച ദമ്പതികൾ.
ടി.വി. ലൂക്കോസ് (86) കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്. വിദേശത്തുള്ള മകൻ ജോഷി എത്തുന്നതിനു വേണ്ടി സംസ്കാരം ഇന്നലെ ഉച്ചകഴിഞ്ഞ് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
വിദേശത്തു നിന്ന് എത്തിയ മകൻ ജോഷിയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്നലെ രാവിലെ ബേബിക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും അര മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു.
എവിടെയും ഒരുമിച്ചു മാത്രം പോകുമായിരുന്ന ഇരുവരുടെയും സ്നേഹയാത്ര അന്ത്യ യാത്രയോളം തുടർന്നു. ഉച്ചകഴിഞ്ഞ് 3.30ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ ഒരേ കല്ലറയിൽ ഇരുവരുടെയും സംസ്കാരം നടത്തി.
പേരൂർ ഉള്ളംപള്ളിയിൽ കുടുംബാംഗമാണ് ബേബി. മറ്റു മക്കൾ: ബീന, ലിസി, ജോർജ്, ബിബി, ജോബി. മരുമക്കൾ: ജോസ് കളരിക്കൽ (കഞ്ഞിക്കുഴി, ഇടുക്കി), ബേബി കണ്ണംകുളം (പാലാ), ദീപ കുറുപ്പന്തറമുകളേൽ (തെള്ളകം), ജോയി വാതല്ലൂർ (ഏലപ്പാറ), രഞ്ജിനി കുരീക്കുന്നേൽ (നീലൂർ), ബീന മാറാട്ടുകളം (ചങ്ങനാശേരി).