വാക്കുതര്‍ക്കത്തിനിടെ മകന് പിതാവിനെ കുത്തിക്കൊന്നു
1459857
Wednesday, October 9, 2024 5:46 AM IST
കോട്ടയം: വാക്കുതര്‍ക്കത്തിനിടെ മകന് പിതാവിനെ കുത്തിക്കൊന്നു. കുമാരനല്ലൂര്‍ ഇടയാടി താഴത്ത് വരിക്കതില്‍ രാജു(70)വാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന് അശോകനെ (42) ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. അശോകന് ലഹരിക്ക് അടിമയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുമാരനല്ലൂര്‍ മേല്‍പ്പാലത്തിനു സമീപം ഇടയാടിയില്‍ ഇന്നലെ ഉച്ചയ്ക്ക് 11.45 നായിരുന്നു കൊലപാതകം.
അച്ഛന് മരിച്ചു കിടക്കുകയാണെന്നാണ് സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സംഘത്തോട് പ്രതി പറഞ്ഞത്. പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ആക്രമിയെ കീഴടക്കിയത്. രാജുവും അശോകനും മാത്രമാണു വീട്ടില്‍ താമസിക്കുന്നത്. വാക്കുതര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു വിവരം. വീട്ടില്‍നിന്നു ബഹളം കേട്ടതിനെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രാജു കൊല്ലപ്പെട്ട വിവരം ഗാന്ധിനഗര്‍ പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പ്രതിയായ അശോകനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍
കോട്ടയം: കുമാരനല്ലൂരില്‍ മകന് പിതാവിനെ കൊലപ്പെടുത്തിയതില്‍ നടുക്കം വിട്ടിമാറാതെ പ്രദേശവാസികള്‍. മകന് അശോകനാണു പിതാവ് രാജുവിനെ കുത്തി കൊലപ്പെടുത്തിയത്. അശോകന് ഏറെ നാളുകളായി ലഹരിക്കടിമയാണെന്നാണ് പോലീസും പ്രദേശവാസികളും പറയുന്നത്.
ഓണ്‍ലൈനില്‍ ഫ്രീലാന്‍സ് ഡിസൈനറായ ഇയാള്‍ ഏറെ നാളുകളായി വിദേശത്തായിരുന്നു. 2012 ലാണ് ബള്‍ഗേറിയന്‍ സ്വദേശിനിയുമായുള്ള വിവാഹം. 2010 ല്‍ ഓണ്‍ലൈനിലൂടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. തുടര്‍ന്നു വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. നാലുവര്‍ഷം മുന്‍പ് നാട്ടിലെത്തിയ അശോകന് ലഹരി വിമുക്തിക്കും, മാനസിക അസുഖത്തിനും ചികിത്സ തേടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
കുറച്ചു നാളുകളായി അക്രമസ്വഭാവം ഇയാള്‍ പുലര്‍ത്തിയിരുന്നു. മുന്‍പ് കുമാരനല്ലൂര്‍ കവലയിലെ കാറിന്റെ ചില്ല് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.