ദീപ്ത സ്മരണകളുമായി മാർ കാവുകാട്ട് മ്യൂസിയം
1459856
Wednesday, October 9, 2024 5:46 AM IST
ചങ്ങനാശേരി: ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലെ കാവുകാട്ട് മ്യൂസിയം ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ ദീപ്തസ്മരണയാകുന്നു. ദൈവദാസന്റെ ജീവിതത്തിലെ വിവിധ നിമിഷങ്ങളാണ് ശില്പങ്ങളും ചിത്രങ്ങളുമായി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കാവുകാട്ട് പിതാവ് ഉപയോഗിച്ച തിരുവസ്ത്രങ്ങള്‍, പിതാവ് കാലംചെയ്തപ്പോള്‍ കിടന്ന കട്ടില്, അദ്ദേഹം ഉപയോഗിച്ച കസേര, ബൈബിള്‍, അംശവടി, പ്രാര്‍ഥനാപുസ്തകങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തിലെ ശ്രദ്ധേയകാഴ്ചകളാണ്.
പ്രവേശനകവാടത്തില്‍ത്തന്നെ മാർ കാവുകാട്ടിന്റെ പാലാ പ്രവിത്താനത്തെ ജന്മഗൃഹം അതേമാതൃകയില്‍ സജ്ജമാക്കിയിരിക്കുന്നത് വിസ്മയക്കാഴ്ചയാണ്. അകത്തേക്ക് പ്രവേശിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങള്‍ വരച്ചുകാട്ടുന്ന ആകര്‍ഷകമായ ചിത്രങ്ങള്‍. റോമിൽ വച്ചുള്ള പിതാവിന്റെ മെത്രാഭിഷകം, പിതാവ് കുട്ടികളോടൊപ്പമുള്ള ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ അവസാനത്തെ ഔദ്യോഗിക ശുശ്രൂഷയായ പൂന്തോപ്പ് പള്ളിക്ക് കല്ലിടുന്നത് തുടങ്ങിയ ചിത്രങ്ങള്‍ പഴയതലമുറയുടെ ഓര്‍മക്കുറിപ്പുകളും പുത്തന്‍തലമുറയ്ക്ക് അദ്ദേഹത്തെക്കുറിച്ചറിയുന്നതിനുള്ള ചരിത്രവിശേഷവുമാണ്. എസ്ബി കോളജുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും ശ്രദ്ധേയമാണ്.
ചങ്ങനാശേരി ചന്തയില്‍ മാർ കാവുകാട്ട് സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രീകരണം അത്യാകര്‍ഷകം തന്നെ. ചങ്ങനാശേരി അതിരൂപതയെ നയിച്ച വന്ദ്യപിതാക്കന്മാര്, മാർത്തോമ്മ നസ്രാണി സഭയുടെ എഡി 50 മുതല്‍ 1923 വരെയുള്ള ലഘുചരിത്രം, മാര്‍ മാത്യു മാക്കീല്‍ 1906 ഡിംസബര്‍ എട്ടിന് പാറേല്‍പ്പള്ളി കൂദാശ ചെയ്യുന്നതടക്കമുള്ള വിവരണങ്ങള്‍ മ്യൂസിയത്തില്‍ ദൃശ്യമാണ്. മാര്‍ ജയിംസ് കാളാശേരിയുടെ സിപിക്കെതിരേയുള്ള 123-ാം നമ്പര്‍ ഇടയലേഖനവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മാര്‍ മാത്യു കാവുകാട്ടിന്റെ ചരമവാര്‍ഷികദിനമായ ഇന്ന് മെത്രാപ്പോലീത്തന്‍ പള്ളിയിലെത്തുന്ന വിശ്വാസീ സമൂഹത്തിന് ദൈവദാസന്റെ കബറിടത്തില്‍ പ്രാര്‍ഥിക്കുന്നതിനൊപ്പം മ്യൂസിയത്തിലെത്തി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ധന്യസ്മരണകള്‍ വീക്ഷിക്കുന്നതിനും അവസരമുണ്ടാകുമെന്ന് മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, നാമകരണ നടപടിയുടെ വൈസ്പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം, മ്യൂസിയം ഇന്‍ചാര്‍ജ് സിസ്റ്റര്‍ ലെയോമി സിഎംസി എന്നിവർ പറഞ്ഞു.