പനച്ചിക്കാട് ക്ഷേത്രത്തിൽ നാളെ പൂജവയ്പ്
1459853
Wednesday, October 9, 2024 5:46 AM IST
പനച്ചിക്കാട്: ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതി ക്ഷേത്രത്തിൽ നാളെ പൂജവയ്ക്കും. 13ന് പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും നടക്കും. ഇതിനായി സരസ്വതി സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപം ഒരുങ്ങി. വൈകുന്നേരം അഞ്ചിനു വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചു രഥഘോഷയാത്ര കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കും.
മേളങ്ങളുടെ അകമ്പടിയോടുകൂടി വരുന്ന ഘോഷയാത്ര 5.30ന് പരുത്തുംപാറ കവലയില്‍ എത്തിച്ചേരും. തുടര്‍ന്ന് പരുത്തുംപാറ കാണിക്ക മണ്ഡപ ത്തിൽ ചിറപ്പ് കമ്മിറ്റിയുടെ സ്വീകരണവും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്തജനങ്ങള്‍ ചേര്‍ന്ന് സ്വീകരിക്കുകയും ഘോഷയാത്രയില്‍ പങ്കാളികളാകുകയും ചെയ്യും. ആറിന് ഓട്ടക്കാഞ്ഞിരത്തെത്തുന്ന ഘോഷയാത്രയ്ക്ക് പനച്ചിക്കാട് എസ്എന്‍ഡിപി ശാഖയുടെയും എന്‍എസ്എസ് കരയോഗത്തിന്റെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തുന്നതോടെ സരസ്വതി സന്നിധിയില്‍ പൂജവയ്ക്കും.
ഇന്നു വൈകുന്നേരം ആറിന് കലാമണ്ഡലം പള്ളം മാധവന് അനുസ്മരണാര്ഥം പനച്ചിക്കാട് ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്ന സംഗീത സരസ്വതി പുരസ്കാരം സമര്‍പ്പിക്കും. ഒന്‍പതിന് ദേശീയ സംഗീത നൃത്തോത്സവത്തില്‍ മേജര്‍സെറ്റ് കഥകളി അരങ്ങേറും.