പെരുവ കുന്നപ്പള്ളിയില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം
1459838
Wednesday, October 9, 2024 5:45 AM IST
പെരുവ: കുന്നപ്പള്ളിയില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം. റോഡ് തകര്‍ത്തും ഗതാഗത തടസമുണ്ടാക്കിയുമാണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ കുറച്ച് മണ്ണ് നീക്കുന്നതിനായി അനുമതി വാങ്ങിയ ശേഷമാണ് വന്‍തോതില്‍ മണ്ണിടിച്ചു കടത്തുന്നത്. പെരുവ കുന്നപ്പിള്ളി ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിന് എതിര്‍വശത്തുള്ള റോഡരികിലാണ് മണ്ണെടുപ്പ് നടക്കുന്നത്.
റോഡില്‍ നിരത്തിയിട്ടിരിക്കുന്ന ടിപ്പര്‍, ടോറസ് ലോറികള്‍ വാഹന ഗതാഗഗതത്തിനും തടസം സൃഷ്ടിക്കുന്നു. ആലപ്പുഴ, ചേര്‍ത്തല, കുമരകം തുടങ്ങീ പ്രദേശങ്ങളില്‍ നിന്നുള്ള ടിപ്പര്‍, ടോറസ് ലോറികളാണ് മണ്ണെടുക്കുന്നതിനായി ഇവിടെയെത്തുന്നത്. സ്കൂളിന് സമീപത്തായി വഴിയില്‍ ഊഴം കാത്ത് ലോറികള്‍ കാത്തു കിടക്കുന്നതും റോഡിലൂടെ ചീറിപ്പായുന്നതും സ്കൂള്‍ വാഹനങ്ങള്‍ക്ക് ഉൾപ്പെടെ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പെരുവ-കടുത്തുരുത്തി റോഡില്‍ പഴയ പാറമടയ്ക്കു സമീപത്തേക്കാണ് ലോറികള്‍ ലോഡുമായെത്തുന്നത്.
അനധികൃതമായി റോഡരികില്‍ ടിപ്പര്‍, ടോറസ് ലോറികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് അപകടത്തിന് കാരണമാകുന്നതായും നാട്ടുകാര്‍ പറയുന്നു. അനധികൃത മണ്ണെടുപ്പിനെതിരേ പലതവണ പരാതിപ്പെട്ടിട്ടും തുടര്നടപടികളില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.