കടുത്തുരുത്തി ജലഭവനു മുന്നില്‍ കല്ലറ പഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും ധര്‍ണ
1459837
Wednesday, October 9, 2024 5:45 AM IST
കടുത്തുരുത്തി: കുടിവെള്ളം കിട്ടാനില്ല. കടുത്തുരുത്തി ജലഭവന് മുന്നില്‍ കല്ലറ പഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും ധര്‍ണ. കല്ലറ പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാത്ത ജല അഥോറിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തംഗങ്ങളും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളും കടുത്തുരുത്തി ജലഭവന് മുന്നില്‍ ധര്‍ണ നടത്തിയത്.
പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും സുലഭമായി ലഭിച്ചു കൊണ്ടിരുന്ന കുടിവെള്ളം കഴിഞ്ഞ ഏഴു മാസത്തോളമായി ലഭ്യമാകുന്നില്ലെന്ന് സമരക്കാര്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കല്ലറ മുണ്ടര് ഭാഗം, കാവിമാറ്റം ലക്ഷംവീട്-കൊതവറക്കുന്നു ഭാഗം-ഉദയന്തറ-മണിയന് തുരുത്തു ഭാഗം, ഏക്കമ്മ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലാണ്. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം മുണ്ടാറില്‍ എത്തിക്കൊണ്ടിരുന്ന കുടിവെള്ളം ഇപ്പോള്‍ മാസത്തില്‍ ഒന്നും രണ്ടും ദിവസങ്ങളിലേക്ക് ചുരുങ്ങി. കല്ലറയുടെ ടാങ്കില്‍ വെള്ളമെത്തിച്ച് അര്‍ഹമായ ഷെഡ്യൂള്‍ അനുസരിച്ചു വെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, തൊഴിലെടുക്കുവാന്‍ മടിയുള്ള ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുക, കല്ലറയിലെ എല്ലാ പ്രദേശത്തും ക്രമപ്രകാരം കുടിവെള്ളം എത്തിക്കുക, കല്ലറയോട് നീതി കാണിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. തകരാറിലായ പൈപ്പ് ലൈനുകളില്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താന്‍ ജീവനക്കാര്‍ തയാറാകാത്തതുമൂലം കല്ലറയില്‍ പലയിടത്തും കുടിവെള്ളം പാഴാകുന്ന അവസ്ഥയാണെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും പൈപ്പ് ലൈന്‍ വഴി കല്ലറയ്ക്ക് വെള്ളം നല്‍കണമെന്നും, ജാതിക്കാമലയില്നിന്ന് കല്ലറ പഞ്ചായത്തിന് നേരിട്ട് ജലമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനായി കുത്തിപ്പൊളിച്ച റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ജല അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയറുടെ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മിനി ജോസ്, വി.കെ. ശശികുമാര്‍, ജോയ് കോട്ടായില്‍, ലീല ബേബി, അരവിന്ദ് ശങ്കര്‍, അമ്പിളി ബിനീഷ്, ഉഷ റെജിമോന് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കടുത്തുരുത്തി ജലഭവന അധികൃതരുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ കല്ലറയിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
കല്ലറയുടെ ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്നും ജാതിക്കാമലയിലുള്ള കുടിവെള്ള പ്ലാന്റിന്റെ തകരാര്‍ മൂലമാണ് എല്ലായിടത്തും കുടിവെള്ളം എത്താത്തതെന്നുമാണ് ജലഅഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞതതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.