ഇരുമ്പൂന്നിക്കരയിൽ വനവത്കരണ പദ്ധതിയുമായി വനംവകുപ്പ്; പ്രതിഷേധ ധർണ നാളെ
1459832
Wednesday, October 9, 2024 5:45 AM IST
എരുമേലി: മന്ത്രിയും പട്ടികവർഗ കമ്മീഷനും എംപിയും എംഎൽഎയും പഞ്ചായത്തും ഉൾപ്പെടെ സകലരും എതിർത്തിട്ടും എരുമേലിയിലെ ഇരുമ്പൂന്നിക്കരയിൽ വനവത്കരണ പദ്ധതിയുമായി വനംവകുപ്പ് മുന്നോട്ട്. നാളെ രാവിലെ 10.30ന് എരുമേലി റേഞ്ച് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്താൻ ഇന്നലെ ഇരുമ്പൂന്നിക്കരയിൽ പട്ടികവർഗ ഊരുകൂട്ടം വിളിച്ചുചേർത്ത ജനകീയ യോഗത്തിൽ തീരുമാനം.
ഇരുമ്പൂന്നിക്കരയിൽ വനവത്കരണ പദ്ധതി നടപ്പിലാക്കാനാണ് നിലവിൽ വനംവകുപ്പിൽനിന്നു ലഭിച്ചിട്ടുള്ള നിർദേശമെന്ന് കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ് പറഞ്ഞു. പദ്ധതി നടപ്പിലാക്കരുതെന്ന് നിർദേശം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പദ്ധതിക്കുള്ള ഫണ്ട് ലഭിക്കാൻ വൈകുന്നതുകൊണ്ട് ഉടനെ നടപടികൾ സ്വീകരിക്കില്ലെന്നും അറിയിച്ചു.
പ്രളയം, പ്രകൃതിക്ഷോഭം എന്നിവ മൂലം വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളെ സംരക്ഷിച്ചു പുനരധിവസിപ്പിക്കുന്ന സർക്കാരിന്റെ നവകിരണം പദ്ധതിയുടെ പേരിലാണ് ഇരുമ്പൂന്നിക്കരയിൽ ഭൂമി വാങ്ങാൻ നീക്കം പുരോഗമിക്കുന്നത്. എന്നാൽ, ആദിവാസികൾ അല്ലാത്തവരുടെ ഭൂമിയാണ് ഇരുമ്പൂന്നിക്കരയിൽ പദ്ധതിയുടെ പേരിൽ ഏറ്റെടുക്കുന്നത്. നിലവിൽ 21 പേർ സ്ഥലം വിട്ടു കൊടുക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. മൂന്നര കോടി രൂപയാണ് ഇതിനായി ചെലവിടുക. സ്ഥലം നൽകുന്ന ഒരു കുടുംബത്തിന് 15 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്ക് ഉപജീവനം നടത്താൻ 15 ലക്ഷവുമാണ് വനംവകുപ്പ് നൽകുക. ജില്ലയിൽ എരുമേലി പഞ്ചായത്തിലെ വാർഡ് ഒമ്പത് ഇരുമ്പൂന്നിക്കരയെ മാത്രമാണ് ഈ പദ്ധതിയിൽ തെരഞ്ഞെടുത്തത്.
പദ്ധതി ഏത് പ്രദേശത്ത് വേണമെന്നും ആരുടെയൊക്കെ സ്ഥലം വാങ്ങണമെന്നും തീരുമാനിക്കേണ്ടത് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെട്ട റീജണൽ കമ്മിറ്റിയാണെന്നാണ് വ്യവസ്ഥ. എന്നാൽ, കമ്മിറ്റി ചേർന്ന വിവരം അറിഞ്ഞില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ആരോപിക്കുന്നു. പ്ലാച്ചേരി, കാളകെട്ടി, എരുമേലി ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ റീജണൽ കമ്മിറ്റി ചേർന്നെന്നാണ് രേഖകൾ. തങ്ങൾ അറിഞ്ഞില്ലെന്നാണ് മണ്ഡലത്തിലെ എംഎൽഎ, എംപി, ജില്ലാ പഞ്ചായത്ത് അംഗം, പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് ഡിവിഷൻ അംഗം, പഞ്ചായത്ത് വാർഡ് അംഗം എന്നിവർ പറയുന്നത്.
നാട്ടുകാർ, എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി വനംമന്ത്രി എം.കെ. ശശീന്ദ്രനെ കണ്ട് വകുപ്പ് ഉദ്യോഗസ്ഥരുമായ ചർച്ച നടത്തുകയും പദ്ധതിയിൽനിന്ന് ഇരുമ്പൂന്നിക്കരയെ ഒഴിവാക്കാൻ മന്ത്രി ഉത്തരവ് ഇട്ടതാണെന്നും ഊരുകൂട്ടം മൂപ്പൻ രാജൻ അറക്കുളം പറയുന്നു. പട്ടികവർഗ കമ്മീഷൻ അംഗം സൗമ്യ സോമൻ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി പദ്ധതി നടപ്പിലാക്കരുതെന്ന് ഉത്തരവിട്ടതുമാണ്.
വാർഡ് അംഗം പ്രകാശ് പള്ളിക്കൂടം, ആദിവാസി ക്ഷേമ സമിതി സെക്രട്ടറി പി.കെ. വിജയകുമാർ, ഊരുമൂപ്പൻ രാജൻ അറക്കുളം, സമരസമിതി കൺവീനർ പി.ജെ. മുരളീധരൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഹനീഫ വടക്കോത്തിൽ, സിപിഎം ലോക്കൽ സെക്രട്ടറി ഗിരീഷ് കുമാർ, അരവിന്ദ് ബാബു എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. പദ്ധതി നടപ്പിലാക്കരുതെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി വകുപ്പിന് നൽകിയിരുന്നു.
പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് രാജൻ അറക്കുളം, സിപിഎം ലോക്കൽ സെക്രട്ടറി എം.വി. ഗിരീഷ് കുമാർ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ ഹർജി പരിഗണിച്ചപ്പോഴൊക്കെ വനംവകുപ്പിൽനിന്ന് മറുപടി ഉണ്ടായില്ലെന്ന് രാജൻ അറക്കുളം പറയുന്നു.