മെമു സർവീസ് ആരംഭിച്ചു; ആഘോഷമാക്കി യാത്രക്കാർ
1459628
Tuesday, October 8, 2024 6:04 AM IST
ഏറ്റുമാനൂർ: കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പുതിയതായി അനുവദിച്ച മെമു എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. യാത്രക്കാർ നെഞ്ചേറ്റിയ ട്രെയിനിന് കൊല്ലം മുതൽ എറണാകുളം വരെ വൻ സ്വീകരണമൊരുക്കി കന്നിയാത്ര ആഘോഷമാക്കി. ആദ്യയാത്രയിൽ തന്നെ നിറയെ യാത്രക്കാരുണ്ടായിരുന്നു.
കൊല്ലത്തുനിന്നു എംപിമാരായ എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും ട്രെയിനിൽ യാത്രക്കാരെ അനുഗമിച്ചു. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് റെയിൽസിനു വേണ്ടി സെക്രട്ടറി ലിയോൺസ് ജെ. എംപിമാരെ പൂച്ചെണ്ടു നൽകി ആദരിച്ചു. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി സ്റ്റേഷനുകളിലും യാത്രക്കാർ മധുരപലഹാര വിതരണം നടത്തി ആഹ്ലാദമറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി ഏറ്റുമാനൂർ വരെ യാത്രക്കാർക്കൊപ്പം ഉണ്ടായിരുന്നു.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ വൻ വരവേൽപ്പാണ് നൽകിയത്. പുഷ്പവൃഷ്ടി നടത്തിയും കളർഫോഗുകൾ കൊണ്ട് വർണ വിസ്മയമൊരുക്കിയും മധുരപലഹാരം വിതരണം ചെയ്തും മെമുവിന്റെ വരവ് അവർ ആഘോഷമാക്കി.
യാത്രക്കാരുടെ ക്ഷണം സ്വീകരിച്ച് ഏറ്റുമാനൂർ വരെ യാത്ര തുടർന്ന കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഊഷ്മളമായ സ്വീകരണം നൽകി. ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം ഹാരമണിയിച്ചും സെക്രട്ടറി ശ്രീജിത്ത്കുമാർ പൊന്നാട അണിയിച്ചും എംപിയെ ആദരിച്ചു. ട്രെയിൻ സർവീസ് അനുവദിച്ച റെയിൽവേയോടുള്ള ആദര സൂചകമായി ലോക്കോ പൈലറ്റ് ഡിന്നിച്ചൻ ജോസഫിനെയും യാത്രക്കാർ ഹാരമണിയിച്ച് സ്വീകരിച്ചു.
സ്വീകരണ പരിപാടികൾക്ക് ലെനിൻ കൈലാസ്, യദു കൃഷ്ണൻ, ബി. രാജീവ്, സിമി ജ്യോതി, രജനി സുനിൽ, ആതിര, പ്രവീൺ, ഷിനു എം.എസ് എന്നിവർ നേതൃത്വം നൽകി. എറണാകുളം ജംഗ്ഷനിലും യാത്രക്കാർ മധുരപലഹാരം വിതരണം ചെയ്തു. സർവീസിന് അനുമതി നൽകിയ റെയിൽവേ അധികൃതരോടുള്ള നന്ദി അറിയിച്ച് ജംഗ്ഷൻ റെയിൽവേ മാനേജർ വർഗീസ് സ്റ്റീഫന്റെ ഓഫീസിലെത്തി മധുരം നൽകി.
യാത്രാക്ലേശത്തിന് ആശ്വാസം
കോട്ടയം: പാലരുവിയിലും വേണാടിലും കാലുകുത്താനിടമില്ലാതെയും ശ്വാസം മുട്ടിയുമുള്ള യാത്രാക്ലേശത്തിന് പരിഹാരം തേടി ഇന്നലെ ഓടിത്തുടങ്ങിയ കൊല്ലം- എറണാകുളം മെമു ചെറിയ ആശ്വാസമായി. താത്കാലിക സര്‍വീസായി മെമു തുടങ്ങിയെങ്കിലും പാലരുവിയിലും വേണാടിലും ഇന്നലെയും സീറ്റുകള്‍ കാലിയുണ്ടായിരുന്നില്ല.
കോട്ടയത്തുനിന്ന് എറണാകുളം വരെ നിന്നു യാത്ര ചെയ്തവരുമുണ്ട്. മെമു വന്നതുകൊണ്ട് വൈകുന്നേരത്തെ തിരക്കിന് ഇന്നലെയും കുറവുണ്ടായില്ല. കൊല്ലത്തുനിന്ന് രാവിലെ 5.55ന് പുറപ്പെട്ട് 9.30ന് എറണാകുളത്തെത്തുന്ന മെമു തിരികെ 10.50 പുറപ്പെട്ട് 1.30ന് കൊല്ലത്തെത്തും. ഈ ട്രെയിന്‍ വൈകുന്നേരെ നാലരയോടെ മടങ്ങിയാല്‍ മടക്കയാത്രക്കാര്ക്ക് പ്രയോജനപ്പെടും.
ഇന്നലെ വൈകുന്നേരവും വേണാടിന്റെ മടക്കയാത്ര യാത്രക്കാര്‍ക്ക് ദുരിതമായിരുന്നു. ഉച്ചകഴിഞ്ഞ് 1.30ന് കായംകുളത്തേക്കുള്ള പാസഞ്ചര്‍ കഴിഞ്ഞാല്‍ എറണാകുളത്തുനിന്ന് ദിവസേനയുള്ള വണ്ടി 5.30നുള്ള വേണാട് മാത്രം. മാത്രവുമല്ല രാവിലെ പോകുന്ന പാലരുവി ജനശതാബ്ദി കടന്നുപോകാന്‍ മുളന്തുരുത്തിയില്‍ അര മണിക്കൂര്‍ പിടിച്ചിടും.
ഈ വണ്ടി തൃപ്പൂണിത്തുറയില്‍ പിടിച്ചിട്ടാല്‍ യാത്രക്കാര്‍ക്ക് സമയം തെറ്റാതെ മെട്രോയില്‍ എറണാകുളത്തെത്താം. യാത്രക്കാരുടെ ഈ മുറവിളിക്കും നടപടിയുണ്ടാകുന്നില്ല. ഇരട്ടപ്പാത വന്നതിനുശേഷവും കൊല്ലം- എറണാകുളം സെക്ടറില്‍ രണ്ടു പാസഞ്ചര്‍കൂടി ഓടിക്കാന്‍ നടപടിയില്ല. എറണാകുളത്തെത്തുന്ന നിരവധി ദീര്ഘദൂരവണ്ടികള് കോട്ടയം വരെ നീട്ടാനാവും. ഇതിനും നടപടിയുണ്ടാകുന്നില്ല.
സർവീസ് നിലനിർത്തണം: കൊടിക്കുന്നിൽ സുരേഷ് എംപി
താത്കാലികമായി അനുവദിച്ചിരിക്കുന്ന മെമു ആദ്യ യാത്രയിൽ തന്നെ കോട്ടയത്ത് എത്തുന്നതിന് മുമ്പേ നിറഞ്ഞുകവിഞ്ഞെന്നും ഈ തിരക്ക് പുതിയ സർവീസ് നിലനിർത്തേണ്ട ആവശ്യകത ശരിവയ്ക്കുന്നതായും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മെമുവിൽ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ അടിയന്തരമായി എട്ട് കാറിൽ നിന്ന് 12 കാറിലേയ്ക്ക് ഉയർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കന്നിയാത്രയിൽ നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷവും എറണാകുളം ജംഗ്ഷനിൽ നിശ്ചിത സമയത്തിന് മുമ്പേ എത്തിയ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്താതെ ഓച്ചിറ, കാഞ്ഞിരമറ്റം സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ കൂടി ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജരെ സമീപിച്ചതായും കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.
എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് ഉച്ചക്ക് 1.55നുള്ള പരശുറാമിനും വൈകുന്നേരം 5.20നുള്ള വേണാടിനും ഇടയിലെ വലിയ ഇടവേള കൂടി പരിഹരിക്കുന്ന വിധം എറണാകുളത്തുനിന്ന് തിരിച്ചുള്ള സർവീസ് ക്രമീകരിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ. ആവശ്യപ്പെട്ടു.