പൂ വാങ്ങാനാളില്ല; ബന്ദിപ്പൂ കർഷകർ പ്രതിസന്ധിയിൽ
1459110
Saturday, October 5, 2024 7:02 AM IST
കറുകച്ചാല്‍: ഓണവിപണി ലക്ഷ്യം വച്ചാരംഭിച്ച ബന്ദിപ്പൂ കൃഷി വിപണിയിലെ തിരക്കുകള്‍ മൂലം കച്ചവടമാകാതെ വന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കറുകച്ചാല്‍ തൈപ്പറമ്പില്‍ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് (കെഎസ്കെടിയു) പഞ്ചായത്തു കമ്മിറ്റി ആരംഭിച്ച പൂ കൃഷിയാണ് വിളവെടുക്കാന്‍ പാകമായിട്ടും ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ വില്ക്കാനാകാതെ വന്നത്.
ഓണത്തിന് മാര്‍ക്കറ്റില്‍ ആവശ്യത്തിലേറെ പൂക്കള്‍ എത്തിയതാണ് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഇവർ പറയുന്നത്. 25 സെന്റിലെ കൃഷിയില്‍ മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പൂക്കളാണ് വില്പനയ്ക്കു പാകമായി നില്‍ക്കുന്നത്. കര്‍ഷകരായ പ്രവര്‍ത്തകര്‍ കൂട്ടായാണ് കൃഷി സാധ്യമാക്കിയത്.
വാഴയും കപ്പയും കൃഷി ചെയ്തു മുന്‍പു നൂറുമേനി വിളവെടുത്ത സംഘം ആദ്യമായാണ് പൂകൃഷി ചെയ്യുന്നത്. കച്ചവടമാകാതെ വന്നതോടെ ചെടികൾ പറിച്ചുമാറ്റി പുതിയ കൃഷിയാരംഭിക്കാം എന്ന ആലോചനയിലാണ് കര്‍ഷകര്‍. എന്നാല്‍ നവരാത്രി മഹോത്സവമായതോടെ പൂക്കൾക്ക് ആവശ്യക്കാരെത്തും എന്ന പ്രതീക്ഷയിലാണ് ഇവർ.