പൊടിശല്ല്യത്തില് വലഞ്ഞ് വ്യാപാരികളും നാട്ടുകാരും
1459102
Saturday, October 5, 2024 6:55 AM IST
പെരുവ: മഴ മാറി വേനല്‍ ശക്തമായതോടെ പൊടിശല്ല്യത്തില് പൊറുതിമുട്ടി വ്യാപാരികളും നാട്ടുകാരും. പെരുവ - പിറവം റോഡില്‍ പെരുവ ജംഗ്ഷന് മുതല്‍ പെരുവ അമ്പലം വരെയുള്ള ഭാഗം തകര്‍ന്നു കിടക്കുകയാണ്. ഇതുവഴി വാഹനങ്ങള്‍ ഓടുമ്പോള്‍ പൊടി പറന്ന് വ്യപാര സ്ഥാപനങ്ങളിലേക്ക് എത്തുകയാണ്.
ഇതു വ്യാപാരികള്‍ക്കും ഇവിടെയെത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുകയാണ്. കൂടാതെ പെരുവയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളും പൊടിശല്ല്യം മൂലം ബുദ്ധിമുട്ടുകയാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ റോഡാണിത്.
നാളിതുവരെയായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാനായിട്ടില്ല. ഇപ്പോള്‍ റോഡ് പണിയുടെ കരാറുകാരനെ ഒഴിവാക്കിയതായാണ് അറിയുന്നത്. വടുകുന്നപ്പുഴ മുതല്‍ മുളക്കുളം വരെ റോഡിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പെരുവ വരെ റോഡ് തകര്‍ന്നു കിടക്കുകയാണ്. റോഡ് ടാര്‍ ചെയ്തു പൊടിശല്ല്യം ഒഴിവാക്കി തരണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
ഇക്കാര്യത്തില്‍ ഇനിയും താമസമുണ്ടായാല്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവ യൂണിറ്റ് പ്രസിഡന്റ് രാജുമോന് പഴയമ്പള്ളി പറഞ്ഞു.