അതിരമ്പുഴ പഞ്ചായത്ത്: ഇടതുസമരം രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ്
1459097
Saturday, October 5, 2024 6:55 AM IST
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ കക്ഷി നടത്തിയ സമരം പഞ്ചായത്തിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ പ്രേരിത സമരമാണെന്ന് യുഡിഎഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി.
അതിരമ്പുഴ പഞ്ചായത്തിന്റെ ചരിത്രത്തിൽ റോഡ് വികസനത്തിനായി ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയത് 2023-24 സാമ്പത്തിക വർഷമാണ്. 22 വാർഡുകളിലേക്കായി 5.5 കോടി രൂപയാണ് ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി വകയിരുത്തിയത്. ഓരോ വാർഡിനും 25 ലക്ഷം രൂപ ലഭിച്ചു.
എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം മുഴുവൻ പണികളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിനു കാരണം സംസ്ഥാന സർക്കാരാണ്. കടുത്ത ട്രഷറി നിയന്ത്രണം മൂലം കരാറുകാർക്ക് പണം ലഭിക്കാതെ വന്നതോടെ പുതിയ പണികൾ ഏറ്റെടുക്കാൻ ഇടത്തരം കരാറുകാർക്കു കഴിയാതെ വന്നു. 2024 മാർച്ച് 31നു മുമ്പ് സമർപ്പിച്ച ട്രഷറി ബില്ലുകൾ പോലും പാസാക്കി നൽകിയില്ല.
കഴിഞ്ഞ സാമ്പത്തിക വർഷം അതിരമ്പുഴ പഞ്ചായത്തിന് ജനറൽ പർപ്പസ് ഗ്രാന്റ് വഴി ലഭിക്കേണ്ട 61 ലക്ഷത്തിലധികം രൂപ സംസ്ഥാന സർക്കാർ നൽകിയില്ലെന്നും യുഡിഎഫ് നേതാക്കളായ ജോറോയി പൊന്നാറ്റിൽ, ജൂബി ഐക്കരക്കുഴി, തോമസ് പുതുശേരി, ജോസ് അമ്പലക്കുളം, എ. ഷാജഹാൻ എന്നിവർ പറഞ്ഞു.