എരുമേലി കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്ത് റോഡിലെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
1458986
Saturday, October 5, 2024 3:48 AM IST
എരുമേലി: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡിലെ കുഴികൾ നികത്തി ടാർ ചെയ്യാനുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്നലെ തുടങ്ങി. കുഴികളിൽ മെറ്റലുകൾ പാകി ഉറപ്പിച്ച് ടാർ ചെയ്യാൻ ആരംഭിച്ചു. മാസങ്ങളായി തകർന്ന ഈ ഭാഗത്ത് ഗതാഗതക്ലേശം രൂക്ഷമായിരുന്നു.
നിർദിഷ്ട വിമാനത്താവള പദ്ധതി സ്ഥലമായ ചെറുവള്ളി എസ്റ്റേറ്റിലേക്കുള്ള റോഡ് കൂടിയാണിത്. എരുമേലി-ചേനപ്പാടി റോഡിന്റെ തുടക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡിൽ നിന്നാണ്. തകർന്ന നിലയിലായ എരുമേലി-ചേനപ്പാടി റോഡ് പുനർ നിർമാണത്തിന് മൂന്നര കോടി രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ നിർമാണങ്ങളിൽ കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്തെ റോഡ് നവീകരണവും ഉൾപ്പെട്ടിരുന്നു. നിലവിൽ ഈ റോഡിന്റെ വശങ്ങളിൽ ജലവിതരണ പദ്ധതിയുടെ കുഴലുകൾ സ്ഥാപിക്കുന്നതിനാൽ റോഡ് പുനർ നിർമാണം ശബരിമല സീസണിന് ശേഷം നടത്താനാണ് ധാരണയായിരിക്കുന്നത്.
അതുവരെ കാത്തിരുന്നാൽ ശബരിമല സീസണിൽ ബസ് സ്റ്റാൻഡ് ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമെന്നും അതുകൊണ്ട് ഉടനെ ടാർ ചെയ്യണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ അടിയന്തര നിർമാണങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ഒഴക്കനാട്, കരിമ്പിൻതോട്, കനകപ്പലം, ഓരുങ്കൽകടവ് എന്നിവിടങ്ങളിലേക്കുമുള്ള റോഡുകളുടെ തുടക്കം കൂടിയാണ് ബസ് സ്റ്റാൻഡ് ഭാഗത്തെ റോഡ്. നവീകരണ ജോലികൾ അടുത്ത ദിവസം പൂർത്തിയാകുമെന്ന് മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.