തകർന്നടിഞ്ഞ് ഏന്തയാർ-കൈപ്പള്ളി-പൂഞ്ഞാർ റോഡ്; നവീകരണം മാത്രമില്ല
1458983
Saturday, October 5, 2024 3:48 AM IST
ഏന്തയാർ: തകർന്നടിഞ്ഞ് ഏന്തയാർ-കൈപ്പള്ളി-പൂഞ്ഞാർ റോഡ്. കൂട്ടിക്കൽ, ഏന്തയാർ, ഇളങ്കാട് മേഖലയിലെ ആളുകൾക്ക് ഈരാറ്റുപേട്ട, പാലാ, തൊടുപുഴ അടക്കമുള്ള മേഖലയിലേക്ക് ഏറ്റവും എളുപ്പത്തിലെത്തിച്ചേരാവുന്ന റോഡായിരുന്നു ഏന്തയാർ-കൈപ്പള്ളി-പൂഞ്ഞാർ റോഡ്.
2018ലെ പ്രളയത്തിൽ തകർന്ന റോഡിന്റെ നവീകരണം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. ഇപ്പോൾ റോഡിന്റെ പല ഭാഗങ്ങളും ഇരുചക്ര വാഹനങ്ങൾക്കുപോലും പോകുവാൻ കഴിയാത്തവിധം തകർന്നു തരിപ്പണമായി കിടക്കുകയാണ്. കൊടുംവളവുകളും കുത്തിറക്കവുമുള്ള റോഡിന്റെ ചില ഭാഗത്തു നവീകരണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഇതു പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
മുന്പ് ഈരാറ്റുപേട്ടയിൽനിന്ന് ഏന്തയാർ, കൂട്ടിക്കൽ വഴി മുണ്ടക്കയത്തേക്കും തിരിച്ചും കെഎസ്ആർടിസി ഉൾപ്പെടെ ബസുകൾ സർവീസും നടത്തിയിരുന്നു. എന്നാൽ, റോഡ് തകർന്നതോടെ മേഖലയിലേക്കുള്ള പൊതുഗതാഗതം താറുമാറായി. തകർന്നു കിടക്കുന്ന റോഡിലൂടെ ടാക്സി വാഹനങ്ങൾപോലും വരാൻ മടിക്കുകയാണ്. ഇതോടെ സ്കൂൾ വിദ്യാർഥികളടക്കമുള്ളവർ കടുത്ത ദുരിതത്തിലാണ്. ഇപ്പോൾ കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചുവേണം ഇവിടത്തുകാർക്കു പുറംലോകത്തെത്താൻ.
റോഡ് നവീകരിക്കാൻ ഫണ്ടനുവദിച്ചെന്നും ഉടൻ നിർമാണം ആരംഭിക്കുമെന്നും അധികൃതർ വാഗ്ദാനം നൽകുന്നുണ്ടെങ്കിലും തുടർ പ്രവർത്തനങ്ങൾ ഒന്നുമുണ്ടാകുന്നില്ലെന്ന് ഇവിടത്തുകാർ കുറ്റപ്പെടുത്തുന്നു. വലിയ മലകളുള്ള ഈ പ്രദേശത്ത് മഴക്കാലത്ത് ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളും പതിവ് സംഭവമാണ്.
ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ റോഡുകളുടെ ശോചനീയാവസ്ഥ അപകടങ്ങളുടെ വ്യാപ്തി കൂട്ടാനിടയാക്കും. വളരെ വേഗത്തിൽ ജനങ്ങളുടെ ദുരിതത്തിനു പരിഹാരം കാണാൻ മേഖലയിലേക്കുള്ള റോഡുകളുടെ നവീകരണം പൂർത്തിയാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.