ഇളംപള്ളി കവലയിൽ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന്
1458982
Saturday, October 5, 2024 3:48 AM IST
വാഴൂർ: ദേശീയപാതയിൽ ഇളംപള്ളി കവലയിൽ പള്ളിക്കത്തോട് റോഡ് സംഗമിക്കുന്നിടത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. പള്ളിക്കത്തോട് റോഡിൽനിന്ന് 40 അടിയിലേറെ ഉയരത്തിലാണ് ദേശീയപാത കടന്നുപോകുന്നത്.
നൂറു മീറ്ററിലധികം സംരക്ഷണഭിത്തിയുണ്ടെങ്കിലും എല്ലാ ഭാഗത്തും ഇല്ല. നിരവധി വളവുകളും റോഡിന് വീതിക്കുറവും ആയതിനാൽ ഇരുവശത്തുംനിന്ന് വാഹനങ്ങൾ വരുമ്പോൾ സംരക്ഷണഭിത്തിയോടു ചേർന്നാണ് പോകുന്നത്.
കൽക്കെട്ടില്ലാത്ത ഭാഗം ഏതു സമയത്തും ഇടിയാനും സാധ്യതയുണ്ട്. റോഡിന്റെ ഇരുവശവും കാട് കയറിയതിനാലും വഴിവിളക്കുകൾ ഇല്ലാത്തതിനാലും അപകടസാധ്യത ഏറെയാണ്. ദേശീയപാതയിൽനിന്നു രണ്ടു തവണ കാറും പല തവണ ഇരുചക്രവാഹനങ്ങളും പള്ളിക്കത്തോട് റോഡിലേക്കും കുഴിയിലേക്കും വീണിട്ടുണ്ട്.
മേഖലയിലെ അപകടാവസ്ഥ ഒഴിവാക്കാൻ അപകട സൂചനാബോർഡും ക്രാഷ് ബാരിയറും സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.