നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകി
1458878
Friday, October 4, 2024 6:08 AM IST
തലയാഴം: നിർധന കുടുംബത്തിന് സിപിഎം നേതൃത്വത്തിൽ വീടു നിർമിച്ചു നൽകി. തലയാഴം പഞ്ചായത്ത് മൂന്നാം വാർഡിലെ കളപ്പുരയ്ക്കൽക്കരിയിൽ താമസിക്കുന്ന കുടുംബത്തിനാണ് സ്നേഹഭവനം നിർമിച്ചു നൽകിയത്. വള്ളംമുങ്ങി ഗൃഹനാഥൻ മരണപ്പെട്ടതോടെ ജീവിതം ദുരിതത്തിലായ വീട്ടമ്മയ്ക്കും നഴ്സിംഗ് വിദ്യാർഥിനിയായ മകൾക്കും സുരക്ഷിതമായി താമസിക്കുന്നതിനു തലയാഴം നോർത്ത് ലോക്കൽ കമ്മിറ്റിയാണ് സുമനസുകളുടെ സഹകരണത്തോടെ വീടു നിർമിച്ചു നൽകിയത്.
ഗതാഗത സൗകര്യമില്ലാത്ത സ്ഥലത്തു താമസിക്കുന്ന കുടുംബത്തിനു വീടു നിർമിക്കാനായി പാർട്ടി പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് നിർമാണ സാമഗ്രികൾ തലച്ചുമടായി എത്തിക്കുകയായിരുന്നു. നിർമാണത്തിന്റെ പലഘട്ടങ്ങളിലും പ്രവർത്തകർ സന്നദ്ധ സേവനം ചെയ്തും താങ്ങായി.
സിപിഎം ഏരിയാ കമ്മിറ്റിയംഗം കെ. കുഞ്ഞപ്പന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ ഗൃഹനാഥയ്ക്ക് താക്കോൽ കൈമാറി. ഏരിയ സെക്രട്ടറി കെ. അരുണൻ, കെ.കെ. ഗണേശൻ, എസ്. ദേവരാജൻ, ലോക്കൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ നായർ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, പഞ്ചായത്ത് അംഗം ഷീജ ബൈജു, ഏരിയ കമ്മറ്റി അംഗങ്ങളായ പി.ഹരിദാസ്, പി.ശശിധരൻ, വീട് നിർമാണത്തിന്റെ മുഖ്യ ചുമതല നിർവഹിച്ച പി.എ. അനുരാജ്, കെ.എൻ. രാജീവ് തുടങ്ങിയവർ സംബന്ധിച്ചു.