നാട്ടകം കുടിവെള്ള പദ്ധതിയുടെ തടസങ്ങള്‍ പരിഹരിക്കപ്പെടുന്നു
1458870
Friday, October 4, 2024 5:56 AM IST
കോട്ടയം: നാട്ടകം കുടിവെള്ള പദ്ധതിയുടെ തടസങ്ങള്‍ പരിഹരിക്കപ്പെടുന്നു. റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് നാഷണല്‍ ഹൈവേ അഥോറിറ്റി അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് നാട്ടകം കുടിവെള്ള പദ്ധതിയുടെ നിര്‍മാണം തടസപ്പെട്ടിരിക്കുകയായിരുന്നു.
നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് ജോര്‍ജ് എംപിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്ഗരിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായി കോട്ടയത്തെത്തിയ എസ്.കെ. പാണ്ഡെ, എംപിയും എംഎല്‍എയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും പൈപ്പുകള്‍ സ്ഥാപിക്കേണ്ട റോഡുകള്‍ പരിശോധിക്കുകയും ചെയ്തു.
പൈപ്പ് സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നേരിട്ടുകണ്ട് ബോധ്യപ്പെട്ട കാര്യങ്ങളും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങളും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനു കൈമാറുമെന്നും തീരുമാനം എത്രയും വേഗമുണ്ടാകുമെന്നും മന്ത്രിയുടെ പ്രതിനിധി ആര്.കെ. പാണ്ഡെ ഉറപ്പ് നല്കി.
കോട്ടയം നഗരസഭയിലെ നാട്ടകം പ്രദേശത്തെ 30 മുതല്‍ 44 വരെയുള്ള 15 വാര്‍ഡുകളിലെ ആറായിരത്തോളം വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി 2016ല്‍ ആരംഭിച്ചതാണ് നാട്ടകം കുടിവെള്ള പദ്ധതി.
2020 മുതല്‍ കോട്ടയം കളക്ടറേറ്റ്-കഞ്ഞിക്കുഴി, മണിപ്പുഴ-മറിയപ്പള്ളി, മറിയപ്പള്ളി-കോടിമത എന്നീ നാലു കിലോമീറ്റര്‍ നീളം ഭാഗത്ത് പൈപ്പ് ഇടാന്‍ ദേശീയ പാത അധികാരികളോട് അനുമതി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. മറ്റു പണികള്‍ പൂര്‍ത്തീകരിച്ചശേഷം 2022ല്‍ വീണ്ടും അനുമതി നല്കാനാവശ്യപ്പെട്ടങ്കിലും ദേശീയപാത അധികൃതര്‍ നിരസിച്ചു. ഇതിനെത്തുടര്‍ന്ന് പദ്ധതി പൂര്‍ണമായും മുടങ്ങുകയായിരുന്നു.