മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ചു പണം തട്ടിയ കേസ്
1458523
Thursday, October 3, 2024 2:04 AM IST
ഈരാറ്റുപേട്ട: മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയെയും ഭര്‍ത്താവിനെയും കബളിപ്പിച്ച് ഒരു കോടി പത്തു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇതരസംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ അനിസ് ഫാറൂഖി പഞ്ചാബി (46) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ടയില്‍ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയോടും ഭര്‍ത്താവിനോടും ഒരു കോടി 52 ലക്ഷം രൂപയ്ക്ക് 54 ടണ്‍ അടയ്ക്കാ നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പല തവണകളായി ഇവരുടെ അക്കൗണ്ടുകളില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് ഒരു കോടി പത്തു ലക്ഷം രൂപ വാങ്ങുകയായിരുന്നു.
അടയ്ക്ക കിട്ടാതിരുന്നതിനെത്തുടര്‍ന്ന് ഇവര്‍ പൈസ തിരികെ ചോദിച്ചെങ്കിലും ഇയാള്‍ ഇവര്‍ക്ക് വ്യാജ സ്വര്‍ണാഭരണങ്ങളും വ്യാജ ചെക്ക് ലീഫുകളും നല്കി പല കാരണങ്ങള്‍ പറഞ്ഞ് പൈസ തിരികെ നല്‍കാതെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയും ഇയാള്‍ ഗോവയിലാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണസംഘം ഗോവയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.