ജില്ലാ അത്ലറ്റിക് മത്സരങ്ങൾ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്നാരംഭിക്കും
1458517
Thursday, October 3, 2024 1:55 AM IST
പാലാ: 67-ാമത് ജില്ലാ അത്ലറ്റിക് മത്സരങ്ങൾ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്നാരംഭിക്കും. വിവിധ കോളജുകൾ, സ്കൂളുകൾ, ക്ലബുകൾ എന്നിവയെ പ്രതിനിധീകരിച്ച് 800ലധികം കായികതാരങ്ങൾ രണ്ടുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കും.
ജില്ലയിലെ പ്രമുഖ ടീമുകളായ സീനിയർ വിഭാഗത്തിൽ അൽഫോൻസ അത്ലറ്റിക് അക്കാദമി, അസംപ്ഷൻ കോളജ് ചങ്ങനാശേരി, എസ്ബി കോളജ് ചങ്ങനാശേരി, സെന്റ് തോമസ് കോളജ് പാലാ, അൽഫോൻസാ കോളജ് പാലാ, സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി, ജൂണിയർ വിഭാഗത്തിൽ മികച്ച ടീമുകളായ എസ്എംവി പൂഞ്ഞാർ, സെന്റ് പീറ്റേഴ്സ് കുറുമ്പനാടം,
ഗ്രേസി മെമ്മോറിയൽ സ്കൂൾ പാറത്തോട്,
ശ്രേയസ് പബ്ലിക് സ്കൂൾ പൊൻകുന്നം, എസ്എച്ച്ജിഎച്ച്എസ് ഭരണങ്ങാനം, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ, എംഡി സെമിനാരി കോട്ടയം എന്നീ ടീമുകൾ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. പാലാ അൽഫാൻസ അത്ലറ്റിക് അക്കാദമി ആയിരുന്നു കഴിഞ്ഞവർഷം സീനിയർ വിഭാഗത്തിലും ജൂണിയർ വിഭാഗത്തിലും ഓവറോൾ ജേതാക്കൾ.
ഇന്ന് 9.30നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സിഎംഐ അധ്യക്ഷത വഹിക്കും. മാണി സി. കാപ്പൻ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
ദേശീയ തലത്തിൽ മെഡൽ നേടിയ വെറ്ററൻ കായികതാരങ്ങളായ ലൂക്കോസ് മാത്യു, ബെന്നി കെ. മാമ്മൻ, പി.ഡി. തങ്കച്ചൻ, കെ. സി. ജോസഫ്, ബിനോയ് തോമസ്, സജി ജോർജ് തുടങ്ങിയ കായികതാരങ്ങളെ ആദരിക്കും.