റബർ: വിദേശവില 257 രൂപയിലെത്തി; ആഭ്യന്തരവില താഴോട്ട്
1458516
Thursday, October 3, 2024 1:55 AM IST
കോട്ടയം: ബാങ്കോക്ക് വിപണിയില്‍ റബര്‍ വില 257 രൂപയിലേക്ക് ഉയര്ന്നിരിക്കെയും ആഭ്യന്തരവില ദിവസേന താഴ്ത്തുന്നു. 247 രൂപ വരെ ഉയര്‍ന്ന ആഭ്യന്തരവില ഒരു മാസത്തിനുള്ളില്‍ 224 രൂപയിലേക്ക് ഇടിഞ്ഞു. വ്യാപാരി വില 219 രൂപ. അത്തരത്തില്‍ ഒരു കിലോ ഷീറ്റിന് 27 രൂപയുടെ കുറവാണുണ്ടായത്. ആഭ്യന്തര വിലയേക്കാള്‍ കിലോയ്ക്ക് 33 രൂപയുടെ വര്‍ധന വിദേശത്തുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഇറക്കുമതി വ്യവസായികള്‍ക്ക് വന്‍ നഷ്ടമാണ്. ഒരു കിലോ റബര്‍ കൊണ്ടുവരാന്‍ 280 രൂപയോളം ചെലവുവരും. ഈ സാഹചര്യത്തിലും ആഭ്യന്തര വില ഇടിക്കാനുള്ള നീക്കം കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നു.
കഴിഞ്ഞ മാസത്തെ കരാര്‍ അനുസരിച്ചുള്ള റബര്‍ ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇക്കൊല്ലം രണ്ടു ലക്ഷം ടണ്ണിന്റെ ഇറക്കുമതിയുണ്ടായി. ഒരു ലക്ഷം ടണ്ണിന്റെ മുന്‍കരാര്‍ നിലവിലുണ്ട്. ഈ സ്റ്റോക്ക് തീരുംവരെ ആഭ്യന്തര വില ഉയരാന്‍ സാധ്യതയില്ല.
അതേസമയം ഒരാഴ്ചയായി ടാപ്പിംഗ് മുടങ്ങിയതിനാല്‍ മാര്‍ക്കറ്റില്‍ ഷീറ്റുവരവ് കുറവാണ്.
നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് 235 രൂപയെങ്കിലും ലഭിക്കേണ്ടതാണ്. വില നിശ്ചയിക്കുന്നതില്‍ റബര്‍ ബോര്‍ഡ് ഗുരുതരമായ അനാസ്ഥയും വ്യവസായ താത്പര്യവും പുലര്‍ത്തുന്നതായി വിമര്‍ശനം ഉയരുന്നു.
വ്യവസായികളുടെ സ്റ്റോക്കും ഇറക്കുമതിയും മാത്രം അടിസ്ഥാനമാക്കിയാണ് ബോര്‍ഡ് വില നിശ്ചയിക്കുന്നതെന്നും ആഭ്യന്തര ഉത്പാദനം പരിഗണിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. രണ്ടാഴ്ചയായി വിദേശവില അടിക്കടി ഉയര്‍ന്നപ്പോഴും ആഭ്യന്തര വില ദിവസവും ഒരു രൂപ നിരക്കില്‍ റബര്‍ ബോര്‍ഡ് താഴ്ത്തുകയാണ്.