തലയാഴം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം
1454715
Friday, September 20, 2024 7:15 AM IST
തലയാഴം: തലയാഴം പഞ്ചായത്തിൽ കോൺഗ്രസ് നേതൃത്വം നിശ്ചയിച്ച കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഭൈമി വിജയൻ തയാറാകാത്തത് കോൺഗ്രസിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഡിസിസി പ്രസിഡന്റിനെ കണ്ട് പ്രശ്നപരിഹാരമുണ്ടാക്കാൻ കോൺഗ്രസ് ജനപ്രതിനിധികൾ ഇന്ന് ഡിസിസി നേതൃത്വത്തെ കാണും. തലയാഴത്ത് കഴിഞ്ഞ തവണ കോൺഗ്രസ് വിമതരായി വിജയിച്ച മൂന്നുപേരുടെ പിൻബലത്തോടെയാണ് പഞ്ചായത്ത് ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തത്. കോൺഗ്രസ് വിമതരായി വിജയിച്ച മൂന്നു പേർക്കും പ്രസിഡന്റ് സ്ഥാനം നിശ്ചിത കാലം നൽകാമെന്ന പാർട്ടി നേതൃത്വത്തിന്റെ ഉറപ്പിലാണ് പതിറ്റാണ്ടുകളായി എൽഡിഎ
ഫ് കുത്തകയാക്കിയ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാൻ വിമതർ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിച്ചത്.
ഇതനുസരിച്ച് കെ. ബിനിമോൻ ആദ്യ വർഷവും തുടർന്ന് ബി.എൽ. സെബാസ്റ്റ്യന് ഒന്നര വർഷവും പ്രസിഡന്റായി. പിന്നീട് ഒരു വർഷക്കാലത്തേക്കാണ് കോൺഗ്രസിലെ സീനിയർ അംഗം ഭൈമി വിജയൻ പ്രസിഡന്റായത്. ഭൈമി വിജയന്റെ ഭരണ കാലാവധി ഓഗസ്റ്റ് 14ന് അവസാനിച്ചതായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി പറയുന്നു.
ഇനി ശേഷിക്കുന്ന ഒന്നര വർഷക്കാലം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായ രമേഷ് പി. ദാസാണ് പ്രസിഡന്റാകേണ്ടത്. കാലാവധി കഴിഞ്ഞിട്ടും ഭൈമി വിജയൻ രാജിവയ്ക്കാത്തതാണ് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്.
കാര്യങ്ങൾ അവിശ്വാസ പ്രമേയത്തിലേക്കെത്തിക്കും
തലയാഴം: വിവിധ തരത്തിൽ അനുനയനീക്കങ്ങൾ നടത്തിയിട്ടും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഭൈമി വിജയൻ തയാറാകാത്തത് കാര്യങ്ങൾ അവിശ്വാസ പ്രമേയത്തിലേക്കെത്തിക്കുമെന്ന് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ.
പോഷക സംഘടനകളായ കർഷക കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. 15 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ്- ഒൻപത്, സിപിഎം- നാല്, സിപിഐ- ഒന്ന്, ബിജെപി- ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില