പള്ളിക്കവലയിലെ ട്രാഫിക് സിഗ്നൽ പ്രവർത്തനക്ഷമമാക്കണം
1454713
Friday, September 20, 2024 7:15 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പള്ളിക്കവലയിലെ സിഗ്നൽ ലൈറ്റുകൾ തകരാറിലായി രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയായില്ല. ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തകരാറിലായതോടെ തിരക്കേറിയ ജംഗ്ഷനിൽ വാഹനാപകടങ്ങളും പതിവാകുകയാണ്. ജംഗ്ഷനിലെ അപകടം ഒഴിവാക്കുന്നതിനായാണ് ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ഇവിടെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
സ്ഥാപിച്ച് അധികകാലം കഴിയുന്നതിനു മുമ്പേ വാഹനം ഇടിച്ചു ലൈറ്റുകൾ തകരാറിലായി. ലൈറ്റുകൾ തകരാറിലായതുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. തലയോലപ്പറമ്പ് ടൗണിൽ വരുന്ന വാഹനങ്ങൾ റോഡിന്റെ ഇരുവശത്തും അനധികൃതമായി പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് കാരണമാകുകയാണ്.
സിഗ്നൽ പ്രവർത്തനക്ഷമമാക്കുന്നതു വരെ ഗതാഗതം നിയന്ത്രിക്കാൻ പോലിസിനെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്. സിഗ്നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും ടൗണിലെ അനധികൃത വാഹന പാർക്കിംഗ് അവസാനിപ്പിക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.