കോട്ടയം പിന്നെയും ചൂടാവുകയാണ്
1454497
Thursday, September 19, 2024 11:48 PM IST
കോട്ടയം: മഴ ശമിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും വറചട്ടിയിലെന്നപോലെയായി പകല്‍ താപം. ഇന്നലെ 35 ഡിഗ്രിയായിരുന്നു വടവാതൂരിലെ ചൂട്. വേനലിനു സമാനമായ ചൂടും ഉഷ്ണവുമാണ് നേരിടുന്നത്. അടുത്ത മാസം തുലാമഴ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ പകല്ച്ചൂടില് മണ്ണ് പൊള്ളുകയാണ്. 32 ഡിഗ്രിയില്‍നിന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് മൂന്നു ഡിഗ്രി കൂടി 35 കടക്കാനൊരുങ്ങുന്നത്. തുലാമഴ പെയ്യാതെ വന്നാല്‍ നവംബറില്‍ തുടങ്ങും കുടിവെള്ളക്ഷാമവും വരള്‍ച്ചയും. കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിക്കും ഉത്പാദനക്കുറവിനും കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം ഇടയാക്കുന്നു.
വേനലിനു മുന്‍പേ പുല്ല് കരിയും. മുന്‍ വര്ഷത്തേത്തുപോലെ നവംബറില്‍ മഞ്ഞിനും സാധ്യതയില്ല. ആ സാഹചര്യത്തില്‍ പ്ലാവ്, മ്ലാവ് തുടങ്ങിയ വൃക്ഷങ്ങള്‍ പൂക്കാന്‍ വൈകും. കായപിടിത്തവും കുറവായിരിക്കും. ഇക്കൊല്ലം നട്ട വൃക്ഷത്തൈകള്‍ ഉണങ്ങാനും സാധ്യതയേറെയാണ്.
ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും നിലവില്‍ താപനില 34 ഡിഗ്രിക്കു മുകളിലാണ്. മാത്രവുമല്ല സംസ്ഥാനത്ത് പാലക്കാട് കഴിഞ്ഞാല്‍ ഏറ്റവും ചൂട് കോട്ടയം ജില്ലയിലാണെന്നതും പ്രത്യേകത. കാലവര്‍ഷപ്പെയ്ത്തിലും ലഭ്യതയിലും കോട്ടയം ഇക്കൊല്ലം മുന്നിലായിരുന്നു.