കാണക്കാരി ചിറക്കുളത്തിന് സമ്മാനമായി 60 ലക്ഷം
1454472
Thursday, September 19, 2024 11:31 PM IST
കുറവിലങ്ങാട്: വിനോദത്തിനും വ്യായാമത്തിനുമായി വേദി തുറന്ന് കാണക്കാരി ചിറക്കുളത്തിന് മന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെ സമ്മാനമായി വൻ വികസനം വരുന്നു. 25 ലക്ഷം രൂപ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വികസനത്തിനു പിന്നാലെയാണ് 60 ലക്ഷം രൂപകൂടി ലഭിച്ചിട്ടുള്ളത്.
ചിറക്കുളത്തിന്റെ തുടർവികസനത്തിനായി 25 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിയൻ അറിയിച്ചു. ഇതിന് പിന്നാലെ 25 ലക്ഷം രൂപ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നൽകുമെന്ന് മോൻസ് ജോസഫ് എംഎൽഎയും അറിയിച്ചു.
അടുത്ത വാർഷിക വികസനപദ്ധതിയിൽ 10 ലക്ഷം രൂപ നൽകുമെന്ന് ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മിയും അറിയിച്ചു.
ഇപ്പോൾ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ചിൽഡ്രൻസ് പാർക്ക്, കഫ്റ്റീരിയ, ശൗചാലയ സമുച്ചയം, വനിത ഫിറ്റ്നെസ് സെന്റർ എന്നിവ ചിറക്കുളത്തിന്റെ മുഖഛായതന്നെ മാറ്റിയിട്ടുണ്ട്. പച്ചിലപടർപ്പുകളിൽ നിറഞ്ഞിരുന്ന കുളം ഇപ്പോൾ ജനസാന്നിധ്യത്താൽ ശ്രദ്ധനേടുകയാണ്.
കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ വ്യായാമത്തിനും വിനോദത്തിനുമായി ചിറക്കുളത്തേക്ക് എത്തുന്നത് പതിവാക്കിയിട്ടുണ്ട്.
ലഭ്യമായ പുതിയ ഫണ്ട് വിനിയോഗം സംബന്ധിച്ച് ജനപ്രതിനിധികളും തദ്ദേശവാസികളുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യൻ അറിയിച്ചു.