ഓണനാളുകളില്‍ വിലയിടിഞ്ഞ് നാളികേരം
1454211
Thursday, September 19, 2024 12:02 AM IST
കോട്ടയം: ഓണനാളുകളില്‍ വിലയിടിഞ്ഞ് നാളികേരം. താരമായത് ഇതര സംസ്ഥാനത്തുനിന്നെത്തിയ നാളികേരം. ഓണക്കാലത്ത് ഏറ്റവുമധികം വിറ്റു പോയിരുന്ന നാളികേരത്തിന്റെ വില്പനയാണ് ഇത്തവണ കുത്തനെ ഇടിഞ്ഞത്. മുന്‍ വര്‍ഷങ്ങളില്‍ നാളികേര കര്‍ഷകര്‍ക്കു ഓണക്കാലത്ത് വന്‍ ഡിമാന്‍ഡുണ്ടായിരുന്നു. ഓണത്തിനു ദിവസങ്ങള്‍ക്കു മുമ്പേ പായസത്തിനുള്പ്പെടെ പച്ചത്തേങ്ങകള്‍ പലരും കരുതിവയ്ക്കുകയും തേങ്ങയ്ക്കു വില വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തിരുന്നു.
മധ്യകേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം വരെ ഓണക്കാലത്ത് 600 ടണ്ണിന് മുകളില്‍ തേങ്ങ കച്ചവടം നടന്നിരുന്നു. ഈ വര്‍ഷം ഇതു പകുതിയായി കുറഞ്ഞു. 300 ടണ്ണില്‍ താഴെയാണ് കച്ചവടം നടന്നതെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. ഓണവിപണി മുന്നില്‍ കണ്ട് വലിയതോതില്‍ സ്റ്റോക്ക് ചെയ്ത നാളികേരം വില്ക്കാന് കഴിയാത്ത വ്യാപാരികളുമുണ്ട്.
ഇത്തവണ തേങ്ങയ്ക്കു കിലോഗ്രാമിന് 30 രൂപ മാത്രമാണ് ലഭിച്ചത്. മിക്കപ്പോഴും രണ്ടോ മൂന്നോ തേങ്ങയുണ്ടെങ്കില്‍ മാത്രമേ ഒരു കിലോഗ്രാം തൂക്കം ലഭിക്കുകയുള്ളൂ. അതായത് ഒരു തേങ്ങയ്ക്കു 10 രൂപ മാത്രമാണ് ലഭിച്ചത്. മുന്‍പ് ഒരു തേങ്ങയ്ക്കു 20 രൂപ ലഭിച്ചിരുന്നിടത്ത് ഈ ഓണക്കാലത്ത് വില പകുതിയായി കുറയുകയാണ് ചെയ്തത്. മുന്‍കാലങ്ങളിലെ പോലെ തേങ്ങ ചകിരിയോടെ എണ്ണത്തിനു വില കണക്കാക്കി ആരും ഇപ്പോള്‍ വാങ്ങാത്ത സ്ഥിതിയാണ്.
തേങ്ങ പൊതിച്ചു തൂക്കി മാത്രമേ ഇപ്പോള്‍ വില്പന നടക്കുന്നുള്ളൂ. ദിവസങ്ങള്‍ കഴിയും തോറും തേങ്ങയുടെ തൂക്കവും കുറഞ്ഞുവരും ഇതെല്ലാം കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയായിരിക്കുകാണ്. ഓണസദ്യയില്‍ പായസത്തിന് നാടന്‍ തേങ്ങയായിരുന്നു ഉപയോഗിച്ചിരുന്നത്. അധ്വാനഭാരം കുറക്കാന്‍ റെഡിമിക്സ് പായസത്തിലേക്ക് ജനം തിരിഞ്ഞതും തേങ്ങയുടെ ഡിമാന്‍ഡ് കുറച്ചു.
നാളികേരമുപയോഗിച്ചുള്ള പായസങ്ങളോടുള്ള പ്രിയവും കുറഞ്ഞു. വിവാഹ സദ്യകള്ക്കുള്പ്പെടെ തേങ്ങാപ്പാല്‍ ഉപയോഗിച്ചുള്ള പായസത്തിനും നോണ്‍വെജിറ്റേറിയന്‍ കറികള്‍ക്കും ഇപ്പോള്‍ പായ്ക്കറ്റ് പാല് വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. നാടന്‍ തേങ്ങയെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തേങ്ങയുടെ പാലിന് കൊഴുപ്പ് കുറവാണ്. ഇത് കണക്കിലെടുത്താണ് തേങ്ങാപ്പാലിന് പകരമായി ഭക്ഷണങ്ങളില്‍ പാക്കറ്റ് പാല് ഉപയോഗിക്കുന്നത്.
പായസത്തിലും ഇറച്ചിക്കറികളിലും ഇപ്പോള്‍ തേങ്ങാ പാലിന് പകരം പായ്ക്കറ്റ് പാലാണ് കൂടുതലായി ഉപയോഗിക്കുന്നത്. തേങ്ങാപ്പാല്‍ തയാറാക്കിയെടുക്കാന്‍ കൂടുതല്‍ ജോലിക്കാരും പണച്ചെ ലവും വേണ്ടി വരുന്നതിനാലാണ് പാചകക്കാര്‍ പായ്ക്കറ്റ് പാലിനെ ആശ്രയിക്കുന്നത് ഇറച്ചിക്കറികളിലും മറ്റും തേങ്ങാ പാലിന് പകരം പായ്ക്കറ്റ് പാല് ഉപയോഗിക്കുന്നത് കഴിക്കുന്നവരില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായും പരാതിയുണ്ട്.
ഓണക്കാലത്ത് കടകളില്‍ വില്പനയ്ക്കെത്തിയ തേങ്ങയുടെ 80 ശതമാനവും തമിഴ്നാട്ടില്‍ നിന്നാണ്. അവിടെനിന്ന് കുറഞ്ഞവിലയ്ക്ക് എത്തിച്ച് കൂടിയ വിലയ്ക്ക് വില്‍ക്കുകയാണ് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ചെയ്യുന്നത്. വിതരണ സംവിധാനത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന് ജില്ലാ ഭക്ഷ്യ ഉപദേശക സമിതിയംഗം എബി ഐപ്പ് ആവശ്യപ്പെട്ടു.