സ്കൂളുകളില്‍ കലാ-കായിക, ശാസ്ത്രമേളകള്‍ക്കു തുടക്കമാകുന്നു
1454210
Thursday, September 19, 2024 12:02 AM IST
കോട്ടയം: ഓണാവധിക്കു ശേഷം സ്കൂള്‍ തുറക്കുന്നതോടെ സ്കൂളുകളില്‍ ഇനി കായിക, ശാസ്ത്ര, കലാമേളകളുടെ കാലം. റവന്യു ജില്ലാ കായികമേളയ്ക്കു മുന്നോടിയായുള്ള ഗെയിംസ് മത്സരങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നു. ഗെയിംസിന്റെ രണ്ടാം ഘട്ട മത്സരം 26 മുതല്‍ നടക്കും. ഒക്ടോബര്‍ അവസാന വാരം പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് റവന്യു ജില്ലാ കായികമേള. ജില്ലാ കായികമേളകള്‍ക്കു മുന്നോടിയായുള്ള ഉപജില്ലാ കായികമേള അടുത്തയാഴ്ച തുടങ്ങും.
നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലാണ് ശാസ്ത്രമേള നടക്കുന്നത്. കറുകച്ചാല്‍, ഈരാറ്റുപേട്ട എന്നിവടങ്ങളാണ് പരിഗണനയില്‍. അടുത്തയാഴ്ച വേദി തീരുമാനമാകും. ഉപജില്ലാ ശാസ്ത്രമേളകള്‍ക്കും അടുത്തയാഴ്ച തുടക്കമാകും. ശാസ്ത്രമേളയിലെ മാനുവല്‍ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വരാത്തതിനാല്‍ ഉപജില്ലാ മത്സരങ്ങള്‍ വൈകുകയാണ്. നവംബര്‍ 20 മുതല്‍ 23 വരെ തലയോലപ്പറമ്പിലാണ് ജില്ലാ കലോത്സവം. ജില്ലാ കലോത്സവത്തിനു മുന്നോടിയായുള്ള ഉപജില്ലാ കലോത്സവങ്ങള്‍ നവംബര്‍ ആദ്യവാരം ആരംഭിക്കും. പുതുക്കിയ മാനുവല്‍ അനുസരിച്ചാണ് ഇത്തവണ കലോത്സവം.
മേളകള്‍ക്ക് ഇത്തവണയും സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചിട്ടില്ല. മുന്‍കാലങ്ങളിലെ പഴയ എസ്റ്റിമേറ്റ് തുകയാണ് ഇപ്പോഴുമുള്ളത്. ത്രിതല പഞ്ചായത്തുകളെയും നഗരസഭകളെയും സ്പോണ്സര്മാരെയും സമീപിച്ചെങ്കില്‍ മാത്രമേ കലോത്സവ, കായിക, ശാസ്ത്രമേളകള്‍ക്കു ഫണ്ട് കണ്ടെത്താനാകൂ. സര്‍ക്കാര്‍ വിഹിതമായി ലഭിക്കുന്ന തുക നാമമാത്ര ചെലവുകള്ക്കേ ഉപകരിക്കുകയുള്ളൂ.
ഉപജില്ലാ കായികമേളയ്ക്ക് 75,000 രൂപയും ജില്ലാ കായികമേളയ്ക്ക് മൂന്നു ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ വിഹിതം. ഉപജില്ലാ കലോത്സവത്തിനു രണ്ടു ലക്ഷം രൂപയും ജില്ലാ കലോത്സവത്തിന് 40 ലക്ഷം രൂപയുമാണ് വിഹിതം. ശാസ്ത്രമേളയ്ക്കും നാമമാത്ര വിഹിതമാണുള്ളത്. ശാസ്ത്രമേളയ്ക്കും കായികമേളയ്ക്കും ഓഫിഷല്സിനു മാത്രം ഭക്ഷണം നല്കിയാല് മതി.
കലോത്സവത്തിനു മത്സാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കണം. വിധികര്‍ത്താക്കള്‍ക്കും ഓഫിഷല്സിനുമുള്ള തുകയും വര്‍ധിച്ചിട്ടുണ്ട്. മേളകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറവായതിനാല്‍ പല സ്കൂളുകളും ഉപജില്ലകളും മേളകള്‍ ഏറ്റെടുക്കാന്‍ തായാറാകുന്നില്ല. പല സ്കൂള്‍ അധികൃതരും ബാധ്യത ഏറ്റെടുക്കാന്‍ സന്നദ്ധരാകുന്നില്ല. വിവിധ അധ്യാപക സംഘടനകളുടെ സഹായത്തോടെയാണ് മേളകള്‍ സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടിയല്‍ ഈ വര്‍ഷത്തെ മേളകള്‍ക്കുള്ള തുക കണ്ടെത്തുന്നതിനായി ഒമ്പതു മുതല്‍ പ്ലസ്ടുവരെയുള്ള കുട്ടികളില്‍നിന്ന് ഫണ്ട് ശേഖരണം സ്കൂളുകളില്‍ നടന്നു വരുകയാണ്. ഒരു കുട്ടിയില്‍നിന്ന് 40 രൂപയാണ് വാങ്ങുന്നത്.
സിബിഎസ്ഇ കോട്ടയം സഹോദയ
കലോത്സവം മരങ്ങാട്ടുപിള്ളിയില്‍
കോട്ടയം: സിബിഎസ്ഇ കോട്ടയം സഹോദയ കലോത്സവം ഒക്ടോബര്‍ 17 മുതല്‍ 19 വരെ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ സ്കൂളില്‍ നടക്കും. 140 ഇനങ്ങളില്‍ അഞ്ച് വിഭാഗങ്ങളിലായി ആറായിരത്തിലധികം കുട്ടികള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
കലോത്സവത്തിനു മുന്നോടിയായുള്ള രചനാ മത്സരങ്ങള്‍ ഒക്ടോബര്‍ അഞ്ചിന് ലേബര്‍ ഇന്ത്യ സ്കൂളിലും ഡിജിറ്റല്‍ മത്സരങ്ങള്‍ ഒമ്പതിന് കോട്ടയം ലൂര്‍ദ് സ്കൂളിലും നടക്കും. സഹോദയ കായിക മത്സരങ്ങള്‍ സഹോദയായുടെ കീഴിലുള്ള വിവിധ സ്കൂളുകളില്‍ നടന്നുവരുകയാണ്.