നെഹ്റു ട്രോഫി: പരിശീലനത്തിന് സിബിസി ഇറങ്ങുന്നു
1454143
Wednesday, September 18, 2024 7:05 AM IST
ചങ്ങനാശേരി: 28ന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയാ യി ചങ്ങനാശേരിയില്‍ വീണ്ടും ആരവങ്ങള്‍ ഉയരുന്നു.
ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജലോത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് തുഴച്ചില്‍ പരിശീലനം ആരംഭിക്കുന്നത്.
ഇതിന്റെ ഭാഗമായി അടുത്തയാഴ്ച കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി പാരിഷ്ഹാളില്‍ ക്യാമ്പിനു തുടക്കം കുറിക്കും.
തെരഞ്ഞെടുക്കപ്പെട്ട നൂറോളം തുഴച്ചില്‍കാരും അഞ്ച് പങ്കായക്കാരും എട്ടു നിലക്കാരുമാണ് പരിശീലനം നേടുന്നത്. പരിശീലനം നേടുന്നതും മത്സരത്തിന് ഇറങ്ങുന്നതും ആയാപറമ്പ് വലിയ ദിവാന്‍ജി ചുണ്ടന് വള്ളത്തിലാണ്.
നേരത്തെ ഓഗസ്റ്റ് പത്തിന് നിശ്ചയിച്ചിരുന്ന നെഹ്റു ട്രോഫി വള്ളംകളി വയനാട് ദുരന്തത്തെ തുടര്‍ന്നു മാറ്റിവച്ചിരുന്നു. അന്ന് ആറ് ദിവസം ചങ്ങനാശേരി ബോട്ട് ക്ലബ് പരിശീലനം നേടിയിരുന്നു.
കഴിഞ്ഞദിവസം മീഡിയ വില്ലേജില്‍ ചേര്‍ന്ന യോഗത്തിലാണ് പരിശീലന തുഴച്ചില്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്.
19 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 72 വള്ളങ്ങള്‍ നെഹ്റു ട്രോഫിയില്‍ പങ്കെടുക്കുന്നുണ്ട്.