വികസനം ആഘോഷമാക്കി നാട്ടുകാർ; അതിരമ്പുഴ ടൗൺ ഉദ്ഘാടനം വർണാഭമായി
1454125
Wednesday, September 18, 2024 6:53 AM IST
അതിരമ്പുഴ: ചിരകാല സ്വപ്നമായിരുന്ന ടൗൺ വികസനം ആഘോഷമാക്കി നാട്ടുകാർ. ഘോഷയാത്രയുടെയും വാദ്യമേളങ്ങളുടെയും കരിമരുന്നുപ്രയോഗത്തിന്റെയും അകമ്പടിയിൽ നടന്ന ഉദ്ഘാടനം ജനങ്ങളുടെ ആഹ്ലാദത്തിന്റെ നേർചിത്രമായി. നവീകരിച്ച അതിരമ്പുഴ ടൗണിന്റെയും ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിച്ച അതിരമ്പുഴ-ആട്ടുകാരൻ കവല, ഹോളിക്രോസ് റോഡുകളുടെയും ഉദ്ഘാടനമാണ് ഇന്നലെ അതിരമ്പുഴയിൽ ഒരേ വേദിയിൽ നടന്നത്.
ആട്ടുകാരൻ കവലയിൽ നാട മുറിച്ച് റോഡ് തുറന്നുകൊടുത്തശേഷം മന്ത്രി വി.എൻ. വാസവനും ജനപ്രതിനിധികളും തുറന്ന വാഹനത്തിൽ അതിരമ്പുഴയിലേക്കു നീങ്ങി. ചന്തക്കടവിൽനിന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ വർണശബളമായ ഘോഷയാത്രയായി വിശിഷ്ടാതിഥികളെയും ജനപ്രതിനിധികളെയും നൂറുകണക്കിന് നാട്ടുകാർ ചേർന്ന് ടൗൺ ജംഗ്ഷനിലെ സമ്മേളനവേദിയിലേക്ക് ആനയിച്ചു.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നവീകരിച്ച അതിരമ്പുഴ ടൗണിന്റെയും റോഡുകളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ. മാണി എംപി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ജയിംസ് കുര്യൻ, ആൻസ് വർഗീസ്, അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ,
കുടമാളൂർ ഫൊറോനാ വികാരി റവ.ഡോ. മാണി പുതിയിടം, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, അതിരമ്പുഴ ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് യാസിൻ ബാഖവി, സിഡിഎസ് ചെയർപേഴ്സൺ ഷബീന നിസാർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയിസ് ആൻഡ്രൂസ്, സംഘടനാ പ്രതിനിധികളായ ദ്വാരകാനാഥ്, കെ.ആർ. വിനോദ്കുമാർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ബാബു ജോർജ്, ബിനു ബോസ്, ജോസ് ഇടവഴിക്കൽ, രമേശൻ, സംഘാടക സമിതി കൺവീനർ പി.എൻ. സാബു എന്നിവർ പ്രസംഗിച്ചു.
നവീകരണം വികസനത്തിന് മുതൽക്കൂട്ടാകും: മന്ത്രി മുഹമ്മദ് റിയാസ്
അതിരമ്പുഴ ടൗണിന്റെ നവീകരണവും റോഡുകളുടെ പുനർനിർമാണവും നാടിന്റെ മുഖച്ഛായ മാറ്റുമെന്നും വികസനത്തിനു മുതൽക്കൂട്ടാകുമെന്നും ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ മുന്നോട്ടുവച്ച വികസന പദ്ധതികളിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ പരിപൂർണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
അതിരമ്പുഴയുടെ പഴയ പ്രതാപം വീണ്ടെടുക്കും: മന്ത്രി വാസവൻ
പ്രമുഖ വാണിജ്യകേന്ദ്രമായിരുന്ന അതിരമ്പുഴയുടെ പഴയകാല പ്രതാപം വീണ്ടെടുക്കുമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പെണ്ണാർ തോട്ടിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിക്കും. തോടിന്റെ ആഴംകൂട്ടും. തോടിനു കുറുകേയുള്ള പാലങ്ങൾ പുനർനിർമിക്കും.
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ വിഭാവനം ചെയ്ത വികസന പദ്ധതികളിൽ 90 ശതമാനവും അതിരമ്പുഴ പഞ്ചായത്തിൽ 95 ശതമാനവും കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽത്തന്നെ പൂർത്തിയാക്കി.
ജലപാത യാഥാർഥ്യമാക്കണം: ഫ്രാൻസിസ് ജോർജ് എംപി
നിർദിഷ്ട ദേശീയ ജലപാത യാഥാർഥ്യമാക്കാൻ കൂട്ടായ ശ്രമം ഉണ്ടാകണമെന്നും ഇതിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.
പെണ്ണാർ തോടിന്റെ ആഴം കൂട്ടണം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം. പാലങ്ങൾ ഉയർത്തി നിർമിക്കണം. സംസ്ഥാന സർക്കാർ മുൻഗണന നൽകി ഇതിനായി താത്പര്യമെടുക്കണം.
അതിരമ്പുഴ-യൂണിവേഴ്സിറ്റി റോഡും മാർക്കറ്റ് റോഡും വീതി കൂട്ടി പുനർനിർമിച്ചാലേ ടൗൺ വികസനത്തിന്റെ പൂർണഫലം ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.