തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി
1453910
Tuesday, September 17, 2024 11:28 PM IST
കോട്ടയം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. ആറു നഗരസഭകളില്‍ നാലെണ്ണത്തില്‍ ഓരോ വാര്‍ഡ് വീതം വര്‍ധിച്ചതോടെയാണ് വാര്‍ഡ് വിഭജനം പൂര്‍ത്തീകരിച്ചത്. നഗരസഭകളിലെയും വാര്‍ഡുകള്‍ പുനഃക്രമീകരിച്ചു വിജ്ഞാപനം പുറത്തിറങ്ങി. കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിലാണ് ഓരോ വാര്‍ഡുകള്‍ വീതം വര്‍ധിച്ചത്.
പാലാ, ചങ്ങനാശേരി നഗരസഭകളില്‍ വാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. അടുത്ത ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ കളക്ടറുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനറല്‍, സംവരണ വാര്‍ഡുകള്‍ ഏതെന്ന് നിശ്ചയിക്കും.
പാലാ, ചങ്ങനാശേരി നഗരസഭകളില്‍ വാര്‍ഡുകളുടെ എണ്ണം വര്‍ധിക്കാത്തതിനാല്‍ സംവരണ വാര്‍ഡുകളുടെ എണ്ണത്തിലും വ്യത്യാസമില്ല. പാലായില്‍ 26, ചങ്ങനാശേരിയില്‍ 37 എന്നിങ്ങനെയാണ് വാര്‍ഡുകളുടെ എണ്ണം.
അടുത്ത തെരഞ്ഞെടുപ്പില്‍ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലായി 99 ജനപ്രതിധികളാണ് അധികമായി തെരഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തിലും ഓരോ ഡിവിഷനുകളാണ് വര്‍ധിച്ചത്. വിവിധ പഞ്ചായത്തുകളിലായി 83 വാര്‍ഡുകള്‍ വര്‍ധിച്ചു.
ജില്ലാ പഞ്ചായത്തില്‍ 22 ഡിവിഷനുകള്‍ ഉണ്ടായിരുന്നത് 23 ആയി. 146 ഡിവിഷനുകള്‍ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തുകളില്‍ 157ആയി ഉയര്‍ന്നു.
വിവിധ പഞ്ചായത്തുകളിലായി 1140 വാര്‍ഡുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1223 ആയി വര്‍ധിച്ചു. 208 വാര്‍ഡുകളായിരുന്ന നഗരസഭയില്‍ 212 ആയി. ഇതോടെ 1512 ഉണ്ടായിരുന്നത് 1611 ആയി ഉയര്‍ന്നു.