പുലിയെ ഭയന്ന് മൂക്കൻപെട്ടി
1453701
Tuesday, September 17, 2024 12:08 AM IST
കണമല: ആദിവാസി ഊരുമൂപ്പന്റെ വീട്ടിലെത്തിയ പുലി വളർത്തുനായയെ പിടികൂടി കൊന്നെന്ന വിവരം അറിഞ്ഞ വനംവകുപ്പ് പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഒരു വർഷമായി പുലിയുടെ ആക്രമണം മേഖലയിൽ തുടർച്ചയായിട്ടും പുലി ഇല്ലെന്നു സ്ഥിരീകരിച്ചു കൊണ്ടിരിക്കുകയാണ് വനംവകുപ്പ്. പുലിയുടെ ദൃശ്യങ്ങൾക്കായി വനംവകുപ്പ് നിരീക്ഷണ കാമറകൾ വച്ചിട്ടും അതിലെ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുന്നില്ലെന്നതു പുലി ഇല്ലെന്ന് സ്ഥിരീകരിക്കാനുള്ള തന്ത്രമാണെന്നും ആരോപണം. പമ്പാവാലി പ്രദേശത്താണ് നാട്ടുകാരിൽ പുലിഭീതി പടർന്നിരിക്കുന്നത്.
ഇരയായി വളർത്തുനായ
കഴിഞ്ഞ ദിവസം ഊരുമൂപ്പൻ കാളകെട്ടി ജനാർദനന്റെ വീട്ടിൽനിന്നാണ് രണ്ടു വളർത്തു നായകളിൽ ഒന്നിനെ കാണാതായത്. കാളകെട്ടി ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ വഴിയുള്ള പത്തേക്കർ ഭാഗത്ത് റോഡ് അവസാനിക്കുന്നിടത്താണ് ജനാർദനന്റെ വീട്. ഭാര്യക്കു ശാരീരിക അസ്വസ്ഥത മൂലം രാത്രിയിൽ ഉറങ്ങിയിരുന്നില്ലെന്നു ജനാർദനൻ പറഞ്ഞു. രണ്ടു വളർത്തുനായകളും വീടിന്റെ സിറ്റൗട്ടിലാണ് കിടന്നിരുന്നത്. ഇടയ്ക്കു മുരൾച്ചയും നായകളുടെ കുരയും കേട്ടുവന്ന വീട്ടുകാർ കണ്ടതു നായയെ കടിച്ചുകൊണ്ട് ഒരു ജീവി പായുന്നതും പിന്നാലെ രണ്ടാമത്തെ വളർത്തുനായ കുരച്ചു കൊണ്ട് ഓടുന്നതുമാണ്. ഓടി പിന്നാലെ പാഞ്ഞ വളർത്തുനായ അല്പസമയം കഴിഞ്ഞപ്പോൾ പേടിച്ചരണ്ട നിലയിൽ തിരിച്ചെത്തിയെന്നും പ്രദേശമാകെ നാട്ടുകാർ ചേർന്നു തെരഞ്ഞിട്ടും ജീവി കടിച്ചെടുത്തു കൊണ്ടുപോയ നായയെ കാണാനായില്ലെന്നും വീട്ടുകാർ പറഞ്ഞു.
വൈദ്യുതവേലികൾ
പ്രവർത്തനരഹിതം
സംഭവം കഴിഞ്ഞിട്ടു മൂന്നു ദിവസം പിന്നിട്ടിട്ടും വനംവകുപ്പിൽനിന്നു സ്ഥലത്തെത്തി പേരിന് ഒരു വിവരാന്വേഷണമല്ലാതെ തെരച്ചിൽ നടത്തുകയോ നിരീക്ഷണ കാമറ സ്ഥാപിക്കുകയോ ചെയ്തില്ലെന്നു നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് ഭീതി നിറഞ്ഞിരിക്കുകയാണ്. രാത്രിയിൽ പുറത്തിറങ്ങാൻ ഭയമാണ് എല്ലാവർക്കും. ഒരു വർഷമായി പുലിയുടെ സാന്നിധ്യമുണ്ടെന്നും ഒട്ടേറെ പേരുടെ വളർത്തുനായകൾ കാണാതായെന്നും നാട്ടിൽ നായകളുടെ എണ്ണം കുറഞ്ഞെന്നും നാട്ടുകാർ പറഞ്ഞു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി വീട്ടിൽവച്ചു പുലിയുടെ മുന്നിൽപ്പെട്ട സംഭവം നടന്നിട്ട് ഒരു വർഷത്തോളായി. മുൻ പഞ്ചായത്തംഗം മൂക്കൻപെട്ടി പത്തേക്കർ സ്വദേശിനി
പി.കെ. ശാന്തകുമാരിയുടെ വീട്ടിലെ ആടിനെ കാണാനില്ല. എയ്ഞ്ചൽവാലിയിലടക്കം ഒട്ടേറെ പേരുടെ വളർത്തുനായകൾ പുലി പിടിച്ചുവെന്നു നാട്ടുകാർ പറയുന്നു. മാസങ്ങൾക്കുമുമ്പ് രാത്രിയിൽ റോഡിൽ പുലി പാഞ്ഞുപോകുന്നതു ചിലർ കണ്ടതു വനംവകുപ്പിൽ അറിയിച്ചിരുന്നു. കഴിഞ്ഞയിടെ അജ്ഞാത ജീവി കൊന്ന നിലയിൽ മ്ലാവിന്റെ ജഡം കണ്ടെത്തിയിരുന്നു. മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ സ്ഥാപിച്ച സോളാർ വൈദ്യുതിവേലികൾ പ്രവർത്തനരഹിതമാണ്. ആനകൾ, കാട്ടുപോത്ത്, പന്നി, കുരങ്ങൻമാർ തുടങ്ങി മേഖലയിൽ വന്യജീവി ആക്രമണം പതിവായിരിക്കുകയാണ്. ഇതോടൊപ്പമാണ് പുലിയുടെ സാന്നിധ്യവും ഭീതി പടർത്തിയിരിക്കുന്നത്.
പുലി അല്ല, പൂച്ചപ്പുലി
പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഇല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. പുലിയുടെ രൂപസാമ്യമുള്ള പൂച്ചപ്പുലി, പാക്കാൻ, വള്ളിപ്പുലി എന്നിവയാണ് നായകളെ പിടികൂടുന്നതെന്നും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടില്ലെന്നും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നെപ്പോഴൊക്കെ പുലിയുടെ ദൃശ്യങ്ങൾ കിട്ടിയില്ലെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
നിവേദനം നൽകും
പുലിയെ പിടികൂടാൻ വനംവകുപ്പിലെ വിദഗ്ധർ മുഖേന കെണികൾ സ്ഥാപക്കണമെന്നും പുലിയുടെ സാന്നിധ്യം അറിയാൻ കാമറകൾവഴി നിരീക്ഷണം ഏർപ്പെടുത്തണമെന്നും കാമറയിൽ പകർത്തപ്പെടുന്ന ദൃശ്യങ്ങൾ ജനകീയസമിതിയുടെ സാന്നിധ്യത്തിൽ പരിശോധിച്ച് നാട്ടുകാരുടെ ഭീതി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകുമെന്ന് ആദിവാസി ഊരുകൂട്ടം ചെയർമാനും പഞ്ചായത്ത് അംഗവുമായ കാളകെട്ടി സ്വദേശി എം.എസ്. സതീഷ് പറഞ്ഞു. മന്ത്രിക്കും വകുപ്പുമേധാവിക്കും നിവേദനം നൽകും. ഇക്കാര്യത്തിൽ ഉന്നതതല നടപടികൾക്കായി പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിക്കുമെന്നും സതീഷ് പറഞ്ഞു.