പൂവേ പൊലി... പൂവേ പൊലി... കസവണിഞ്ഞ് പൊന്നോണമിങ്ങെത്തി
1453368
Saturday, September 14, 2024 11:15 PM IST
കോട്ടയം: ഇന്നു പൊന്നിന്‍ചിങ്ങത്തിലെ തിരുവോണം. പൂക്കളവും ഊഞ്ഞാലാട്ടവും രുചിഭേദസദ്യകളും കളിയൊച്ചകളുമൊക്കെയായി മലയാളിയുടെ ഒരുമയുടെ ഉത്സവം. പുത്തനുടയാടകളില് അണിഞ്ഞൊരുങ്ങി വീടും നാടുമൊന്നാകെ ആടിപ്പാടി സന്തോഷിക്കുന്ന നല്ലോണമാണിന്ന്.
രാവിലെ കുളിച്ച് പുത്തനിട്ടൊരുങ്ങിയാലേ ഓണമുറ്റത്തേക്കും കാല്വയ്ക്കാനാകൂ. പട്ടുപാവാടയും കസവുസാരിയും കരമുണ്ടും പട്ടുടുപ്പുമൊക്കെയാണ് മലയാളിയുടെ ഓണക്കോടി. വീടും മുറ്റവും വൃത്തിയാക്കി അങ്കണത്തില്‍ കുട്ടികളുടെ കലയും കരവിരുതും സംഗമിക്കുമ്പോള്‍ വിരിയുന്ന വിസ്മയമാണ് പൂക്കളം. നാടനും വരവുമൊക്കെയായി ഒരുപാടിനം പൂക്കള്‍.
തൊടിയില്‍ ചെത്തിയും ചെമ്പരത്തിയും തുമ്പയും മന്താരവുമൊന്നും വേണ്ടുവോളമില്ലാത്ത കാലമല്ലേ. ബന്തിയും ജമന്തിയും വാടാമുല്ലയും റോസുമൊക്കെയാണ് ഇക്കാലത്ത് പൂക്കളങ്ങളില്‍ നിറയുക. ഒത്ത വട്ടത്തില്‍ പൂക്കളം തീര്‍ത്ത് ഓണത്തപ്പനെ കുടിയിരുത്തി നിലവിളക്കു കൊളുത്തിയാല്‍ മാവേലിത്തമ്പുരാന് വിരുന്നെത്തിയ പ്രതീതിയായി. പൂക്കളം തീര്‍ക്കാതെ ഉണ്ണികള്‍ക്ക് പ്രഭാതഭക്ഷണം കഴിക്കാന്‍ വിശപ്പുവരില്ല. പൂക്കളം തീര്‍ന്നാല്‍ പിന്നെ ഊഞ്ഞാലാട്ടവും കൈകൊട്ടിക്കളിയും ഓണപ്പാട്ടും തുടങ്ങാം.
നിലത്ത് പായ വിരിച്ച് നിലവിളക്ക് കൊളുത്തി വട്ടത്തില്‍ ഇരുന്നായിരുന്നു മുന്‍പൊക്കെ ഇലയില്‍ ഓണസദ്യ. കാലം മാറിയപ്പോള്‍ അതൊക്കെ മറന്നു. തൂശനിലയ്ക്കു ചുറ്റും കറികളും നടുവില്‍ തുമ്പപ്പൂ പോലെ ചോറും. ഒഴിക്കാന്‍ നെയ്യും സാമ്പാറും പുളിശേരിയും മോരുമൊക്കെ.
തൊട്ടുകൂട്ടാന്‍ ഇഞ്ചി, മാങ്ങാ അച്ചാറുകള്‍. കണ്ണിമാങ്ങാ അച്ചാര്‍ ഭരണി തുറക്കുമ്പോഴത്തെ ഗന്ധം പറയാനില്ല. കൈയിലെടുന്പോഴേ നാവില്‍ വെള്ളമൂറും.
ഊണിനു രുചി കൂട്ടാന്‍ അവിയല്സമൃദ്ധി. തോരനും കാളനും മെഴുക്കുവരട്ടിയുമൊക്കെയായി പത്തിരുപതു കൂട്ടം കറികള്‍. പഴവും പഞ്ചസാരയും തൈരും കുഴച്ച് അവസാനവട്ടം അല്പംകൂടി ഉണ്ണാന്‍ ഉണ്ണികള്ക്കിഷ്ടം. അവസാനം പായസം. അതു പാല്‍പ്പായസവും അരിപ്പായസവും സേമിയാപ്പായസവുമൊക്കെയാകാം. ഉച്ചകഴിഞ്ഞാല്പിന്നെ കളിയിനങ്ങളുടെ കേളികൊട്ടായി.
അയലത്തുകാരും അകലത്തുകാരും ബന്ധുക്കാരുമൊക്കെ ഒത്തുകൂടി കളിചിരിയും വര്‍ത്തമാനങ്ങളും. തിരുവാതിരയും തുമ്പിതുള്ളലും പുലികളിയുമൊക്കെ ഒന്നിനുപിന്നാലെയുണ്ടാകും. വൈകുംവരെ ഓണക്കളിയുടെ ആവേശമങ്ങനെ തുടരും. വൈകുന്നേരവും ചായയും പലഹാരങ്ങളും ഉപ്പേരിയുമൊക്കെ രുചി പകരും. രാത്രിയുമുണ്ടാകും സമൃദ്ധമായൊരു സദ്യ. മത്സ്യമാംസപ്രിയരായ മലയാളികളും വെജിറ്റേറിയനാകുന്ന സദ്യവട്ടമാണ് ഓണത്തിന്റെ തനിമ.
ഉത്രാടക്കിഴി കൈമാറി
കോട്ടയം: ഉത്രാടദിനത്തില്‍ കോട്ടയം വയസ്കര രാജ് ഭവന് കോവിലകത്ത് എത്തി കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എന്‍.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ അടങ്ങിയ ഉത്രാടക്കിഴി സര്‍ക്കാര്‍ പ്രതിനിധിയായ ജില്ലാ കളക്ടര്‍ കൈമാറിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സന്നിഹിതനായിരുന്നു. കോട്ടയം തഹസില്‍ദാര്‍ എസ്. എന്‍. അനില്‍ കുമാര്‍, കോട്ടയം വില്ലേജ് ഓഫീസര്‍ എം. നിയാസ് എന്നിവര്‍ പങ്കെടുത്തു.
കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് ഓണത്തോടനുബന്ധിച്ചു നല്‍കിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി, . കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവര്‍മയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂര്‍ കളക്ടറേറ്റില്‍ നിന്നനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുകയാണ് പിന്നീട് 1001 രൂപയായി വര്‍ധിപ്പിച്ചത്.