തെരുവുവിളക്കുകൾ പ്രകാശിച്ചു
1453331
Saturday, September 14, 2024 6:50 AM IST
കൂരോപ്പട: കൂരോപ്പട പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരുവുവിളക്കുകൾ ഇല്ലാതിരുന്ന റോഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്തിൽനിന്നും ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത് അംഗം രാധാ വി. നായർക്ക് നാട്ടുകാർ നന്ദി രേഖപ്പെടുത്തി.
ഏഴാം വാർഡിലെ ഉറുമ്പിൽപ്പടി-അമ്പലപ്പടി റോഡ്, കാവനാട്-കൊച്ചുപറമ്പ് -മാടപ്പാട് റോഡ്, ഇടയ്ക്കാട്ടുകുന്ന്-പ്ലാക്കൽ റോഡ്, അമ്പലപ്പടി - കീച്ചേരിൽപ്പടി റോഡ് എന്നിവിടങ്ങളിലാണ് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് പുതിയതായി കേബിൾ വലിച്ചത്. 1.75 ലക്ഷം രൂപ ഇതിനായി വാർഡിലേക്ക് ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ചിരുന്നു.
ജില്ലാ പഞ്ചായത്തംഗം രാധാ. വി നായർ പ്രത്യേക താല്പര്യമെടുത്താണ് ഫണ്ട് അനുവദിച്ചതെന്ന് പഞ്ചായത്തംഗം അനിൽ കൂരോപ്പട പറഞ്ഞു. തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമീപ വാസികളും നാട്ടുകാരും നിരവധി പരാതികൾ നൽകിയിരുന്നു. ഗ്രാമസഭയിലും ആവശ്യമുയർന്നിരുന്നു. തെരുവുവിളക്കുകൾ ഇന്നലെ മുതൽ പ്രകാശിച്ചതോടെ ഓണത്തെ വരവേൽക്കാനൊരുങ്ങുന്ന നാട്ടുകാർ ആഹ്ലാദത്തിലാണ്.