മണര്‍കാട് കത്തീഡ്രലില്‍ നടയടയ്ക്കല്‍ ഇന്ന്
1453326
Saturday, September 14, 2024 6:50 AM IST
മണര്‍കാട്: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടയടയ്ക്കല്‍ ഇന്ന് നടക്കും. സ്ലീബാ പെരുന്നാള്‍ ദിനമായ ഇന്ന് രാവിലെ 7.30നു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കു ക്നാനായ അതിഭദ്രാസനം കല്ലിശേരി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥനയ്ക്കു ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നട അടയ്ക്കും.
കത്തീഡ്രലിലെ പ്രധാന മദ്ബഹായിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു പൊതുവണക്കത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഏഴിന് തുറക്കുന്ന നട, സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാപ്രാര്ഥനയെത്തുടര്ന്നാണ് അടയ്ക്കുന്നത്.
സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഓണാവധി ആരംഭിച്ചതോടെ പള്ളിയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് വര്‍ധിച്ചു. എട്ടിനു പെരുന്നാള്‍ സമാപിച്ചെങ്കിലും പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വണങ്ങുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് എത്തുന്നുണ്ട്.