ഭൂഗർഭപാത, നീണ്ടൂർ-കുറുപ്പന്തറ റോഡ്, മണർകാട് ബൈപാസ്, മിനി സിവിൽ സ്റ്റേഷൻ : വികസനപദ്ധതികൾ പുരോഗമിക്കുന്നു
1453325
Saturday, September 14, 2024 6:50 AM IST
ഏറ്റുമാനൂർ: നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതായി മന്ത്രി വി.എൻ. വാസവൻ. മെഡിക്കൽ കോളജിനു മുമ്പിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നിർമിക്കുന്ന ഭൂഗർഭപാതയുടെ നിർമാണം പൂർത്തിയായതായും ഈ മാസം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
129.80 ലക്ഷം രൂപ ചെലവിലാണ് ഭൂഗർഭ പാത നിർമിച്ചത്. 18 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുണ്ട്. ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നവർക്ക് തിരക്കേറിയ റോഡ് കുറുകെ കടക്കാതെ ഭൂഗർഭ പാതയിയിലൂടെ മെഡിക്കൽ കോളജിലേക്ക് എത്താം. മുമ്പ് ഇവിടെ ഒട്ടേറെ അപകടങ്ങളും അപകട മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
നീണ്ടൂർ - കുറുപ്പുന്തറ റോഡിന്റെ 4.5 കിലോമീറ്റർ ഭാഗത്തെ നിർമാണം പൂർത്തീകരിച്ചു. 700 ലക്ഷം രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് ടാറിംഗ്. വെള്ളക്കെട്ടു മൂലം പൂർണമായി തകർന്ന ആറു സ്ഥലങ്ങളിൽ റോഡ് ഉയർത്തിയ ശേഷമാണ് ടാറിംഗ് നടത്തിയത്. മാഞ്ഞൂർ പാടശേഖരം വരുന്ന ഭാഗത്ത് 170 മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശവും സംരക്ഷണഭിത്തി നിർമിച്ച് റോഡ് രണ്ടു മീറ്റർ ഉയർത്തി. പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പൈപ്പ് കൾവർട്ട് സ്ഥാപിച്ചിട്ടുണ്ട്.
പട്ടിത്താനം - മണർകാട് ബൈപാസിൽ പട്ടിത്താനം മുതൽ പാറകണ്ടം വരെയും പാറകണ്ടം മുതൽ പൂവത്തുംമൂട് വരെയും ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ പാറകണ്ടം ജംഗ്ഷൻ വരെയും നടപ്പാതയും അരികുചാലും നിർമിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
550 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നു. 420 ലക്ഷം രൂപയുടെ ഭാഗിക സാങ്കേതികാനുമതി ലഭ്യമാക്കി നിർമാണം പുരോഗമിക്കുകയാണ്. 99.84 ലക്ഷം രൂപ ചെലവിൽ 12 സോളാർ ബ്ലിങ്കറുകളും പട്ടിത്താനം മുതൽ പാറകണ്ടം വരെ റോഡിന് ഇരുവശവും 100 സോളാർ ലൈറ്റുകളും സ്ഥാപിച്ചു.
ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണത്തിനു മുന്നോടിയായി മണ്ണുപരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് ലഭ്യമായതായി മന്ത്രി പറഞ്ഞു. ആർഐക്യൂസിഎൽ മുഖേനയാണ് മണ്ണു പരിശോധന നടന്നത്.
ഒന്നാംഘട്ട നിർമാണത്തിനായി 15 കോടി രൂപയാണ് അനുവദിച്ചത്. ഏറ്റുമാനൂർ വില്ലേജിലെ 70 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. അഞ്ചു നിലകളിലായി 41,010.5 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 15 സർക്കാർ ഓഫീസുകളാണ് സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.