കസവുടുത്ത് കലാലയങ്ങൾ; ആഘോഷങ്ങളിൽ നിറച്ചാർത്ത്
1453115
Friday, September 13, 2024 11:50 PM IST
കുറവിലങ്ങാട്: ഓണാഘോഷങ്ങൾക്കായി കലാലയങ്ങളും സ്കൂളുകളും കസവുടുത്തു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞും സദ്യയൊരുക്കിയും വിദ്യാർഥിലോകം ആഘോഷങ്ങളിൽ മുഴുകി. ത്രിതലപഞ്ചായത്തുകളും സർക്കാർ ഓഫീസുകളും ഇന്നലെ ഓണാഘോഷങ്ങളിൽ മുഴുകി.
പരീക്ഷാഹാളിൽ കസവുതിളക്കം
കുര്യനാട് സെന്റ് ആൻസ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികളേറെയും പരീക്ഷാഹാളിലെത്തിയത് കസവുടുത്ത്. പതിവ് യൂണിഫോം മാറ്റിവച്ച് സാരിയുടുത്താണ് വിദ്യാർഥികൾ ആഘോഷം നടത്തിയത്.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ ഓണാഘോഷവും ഫ്രഷേഴ്സ് ഡേയും നടത്തി. ചലച്ചിത്ര നിർമാതാവും പൂർവ വിദ്യാർഥിയുമായ ലിസ്റ്റിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. കെ.സി. തോമസ്, കമ്മിറ്റി കൺവീനർ ലിജിയാമോൾ തങ്കച്ചൻ, പ്രിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും നടത്തി.