പാലാ മുനിസിപ്പാലിറ്റിക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത
1453065
Friday, September 13, 2024 10:24 PM IST
പാലാ: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ജില്ലയിലെ ആദ്യ നഗരമായി പാലാ നഗരസഭ മാറിയത് സംബന്ധിച്ച പ്രഖ്യാപനം നഗരസഭയുടെ ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ ചെയര്മാന് ഷാജു വി. തുരുത്തേൽ നടത്തി.
സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി വിവരസാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ അവരിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശക്തീകരണം ഉറപ്പാക്കുകയും സര്‍ക്കാര്‍ നല്കുന്ന ദൈനംദിന സേവനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും വികസനപദ്ധതികളില്‍ പങ്കാളികളായി അതിന്റെ ഫലങ്ങള്‍ അനുഭവവേദ്യമാക്കുന്നതിനും ലക്ഷ്യംവച്ചു സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയാണ് നഗരസഭ കഴിഞ്ഞ അറുപതുദിവസംകൊണ്ട് വിജയകരമായി നടപ്പാക്കിയതെന്നു ചെയർമാൻ പറഞ്ഞു.
ഡിജി കോ-ഓർഡിനേറ്ററായി നഗരസഭാ കൗണ്‍സില്‍ നിയമിച്ച ബിജോയ് മണര്‍കാട്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിജി ടീമിന്റെ ആക്ഷന്‍ പ്ലാനാണ് പ്രവര്ത്തനലക്ഷ്യത്തിന് ആക്കം കൂട്ടിയതും ലക്ഷ്യപ്രാപ്തിയിലേക്ക് നഗരസഭയെ നയിച്ചതും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു തുടങ്ങി ഓണ്‍ലൈനായി വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഗ്യാസ് ബുക്കിംഗ്, ടെലിഫോണ്‍, വൈദ്യുതി, വാട്ടര്‍ ചാര്‍ജ് അടയ്ക്കൽ തുടങ്ങിയ വിവിധ കാര്യങ്ങളില്‍ പരിശീലനം നടത്തി.
സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള വിവിധ വെബ്സൈറ്റുകളും പരിചയപ്പെടുത്തി. ഇ-മെയില്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും യൂട്യൂബ്, വാട്സ്ആപ്പ്, ഫെയ്സ് ബുക്ക് എന്നിവയുടെ ഉപയോഗവും സംബന്ധിച്ച് പരിശീലനവും നൽകി. 275 വോളണ്ടിയര്‍മാരാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയ്ക്കായി പ്രവര്‍ത്തിച്ചത്. കൗണ്‍സിലര്‍മാരും മുന്‍ കൗണ്‍സിലര്‍മാരും നേതൃത്വം നല്കി.