അതിരമ്പുഴ ജംഗ്ഷന്റെയും റോഡുകളുടെയും ഉദ്ഘാടനം 17ന്
1453040
Friday, September 13, 2024 6:27 AM IST
ഏറ്റുമാനൂർ: പുനർനിർമിച്ച അതിരമ്പുഴ ജംഗ്ഷന്റെയും അതിരമ്പുഴ-ആട്ടുകാരൻ കവല, ഹോളി ക്രോസ് റോഡുകളുടെയും ഉദ്ഘാടനം 17ന് നടക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിരമ്പുഴ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്നു ജംഗ്ഷൻ നവീകരണം.
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ്, മഹാത്മാ ഗാന്ധി സർവകലാശാല, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി എന്നീ പ്രധാന സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്ന റോഡിന്റെ വീതിക്കുറവ് വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. ആറു മീറ്റർ വീതിയുണ്ടായിരുന്ന ജഗ്ഷൻ ശരാശരി 18 മീറ്റർ വീതിയിലും 400 മീറ്ററോളം നീളത്തിലുമാണ് നവീകരിച്ചത്. 8.81 കോടി രൂപ ചെലവഴിച്ചു. അരികുചാലുകളും നടപ്പാതയും നിർമിച്ചു.
അതിരമ്പുഴ ജംഗ്ഷനെയും ഏറ്റുമാനൂർ - വെച്ചൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടു കിലോമീറ്റർ നീളമുള്ള അതിരമ്പുഴ- ആട്ടുകാരൻ കവല റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ രണ്ടു കിലോമീറ്റർ നീളത്തിലാണ് നിർമിച്ചിരിക്കുന്നത്. നീണ്ടൂർ, കല്ലറ, ചേർത്തല ഭാഗങ്ങളിൽനിന്ന് വരുന്ന യാത്രക്കാർക്ക് മെഡിക്കൽ കോളജ് ആശുപത്രികളിലും എം.ജി. സർവകലാശാലയിലേക്കും മാന്നാനം, അൽഫോൻസ തീർഥാടന കേന്ദ്രങ്ങളിലേക്കും എളുപ്പത്തിലെത്താം.
എംസി റോഡിനെയും പഴയ എംസി റോഡിനെയും ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ നഗരസഭയിലെ പ്രധാന ലിങ്ക് റോഡായ ഹോളിക്രോസ് റോഡും ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പൂർത്തീകരിച്ചത്. 4.45 കോടി രൂപ ചെലവിലാണ് റോഡുകളുടെ നിർമാണം.