ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഇന്നു പട്ടിണിസമരം നടത്തും
1453039
Friday, September 13, 2024 6:27 AM IST
കോട്ടയം: ഫെഡറല്‍ ബാങ്കില്‍ ഒഴിവുകളുള്ള തസ്തികകളില്‍ സ്ഥിരം നിയമനം നടത്തുക, പുറം കരാര്‍വത്കരണം നിര്‍ത്തലാക്കുക, ഇന്‍ഷ്വറന്‍സ് - മ്യൂച്ചല്‍ ഫണ്ട് ഉത്പന്നങ്ങള്‍ ഇടപാടുകാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാതിരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന് ഇന്നു പട്ടിണിസമരം നടത്തും. പട്ടിണി സമരത്തോടനുബന്ധിച്ച് ആലുവയില്‍ നടക്കുന്ന ധര്‍ണ വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഫെഡറല്‍ ബാങ്കിലെ കേരളത്തിലെ മുഴുവന്‍ ജീവനക്കാരും എഐബിഇഎയുടെ രാജ്യത്തെ മുഴുവന്‍ ബാങ്കുകളിലെയും യൂണിയന്റെ ഭാരവാഹികളും ഉപവസിക്കും. സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന് നടത്തുന്ന സമരങ്ങള്‍ക്ക് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സമരത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് കോട്ടയം ശാഖയുടെ മുന്പില് നടന്ന പ്രതിഷേധ പ്രകടനം എഐബിഇഎ കേന്ദ്ര കമ്മറ്റി അംഗവും എസ്ബിഇഎ ജനറല്‍ സെക്രട്ടറിയുമായ സന്തോഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന് ഓള് ഇന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്. ശരത്, ഹരിശങ്കര്‍, വിജയ് വി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.