ശബരി വിമാനത്താവളം: ആഘാതപഠനം 19ന് തുടങ്ങും
1452853
Friday, September 13, 2024 1:30 AM IST
കോട്ടയം: നിര്‍ദിഷ്ട എരുമേലി ശബരി വിമാനത്താവളം സ്ഥലമെടുപ്പിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനം 19ന് തുടങ്ങും. തൃക്കാക്കര ഭാരത മാതാ കോളജിലെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റായിരിക്കും സാമൂഹികാഘാത പഠനം നടത്തി മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുക. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം.
എയര്‍പോര്‍ട്ട് നിര്‍മാണത്തിനുള്ള പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടറാ (2570 ഏക്കര്‍)ണ് ഏറ്റെടുക്കുന്നത്.
എയര്‍പോര്‍ട്ടിന് സ്ഥലം വിട്ടുകൊടുക്കേണ്ടവരെ നേരില്‍ കണ്ട് പ്രതികരണങ്ങളും നിലപാടുകളും അറിയുക, എയര്‍പോര്‍ട്ട് നേട്ടമോ, പ്രദേശത്തിന്റെ വികസനത്തിന് വഴിതെളിക്കുമോ തുടങ്ങി നിരവധി വിവരങ്ങള്‍ ആരായും. തുടര്‍ന്ന് പ്രദേശവാസികളുടെ യോഗം വിളിച്ചുചേർക്കും. 2023 ജനുവരി 23ന് ഇറക്കിയ ആദ്യ വിജ്ഞാപനം റദ്ദാക്കിയാണു സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.