ശാസ്ത്രകൗതുകം ഉണര്‍ത്തുന്ന ടെക്നോവ -2024 ക്യാമ്പ് ചങ്ങനാശേരിയില്‍
1452852
Friday, September 13, 2024 1:30 AM IST
ചങ്ങനാശേരി: ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി എന്നീ കോര്‍പ്പറേറ്റ് ഏജന്‍സികളിലെ തെരഞ്ഞെടുക്കപ്പെട്ട 120 വിദ്യാര്‍ഥികള്‍ക്കായി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ശാസ്ത്രപഥം ക്യാമ്പ് ടെക്നോവ -2024 ചങ്ങനാശേരി മീഡിയ വില്ലേജില്‍ 16 മുതല്‍ 18 വരെ നടക്കും.
മുന്‍വര്‍ഷങ്ങളില്‍ നടന്ന പ്രസ്തുത ക്യാമ്പില്‍നിന്നു പുറത്തിറങ്ങിയ പല പ്രതിഭകളും പിന്നീട് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. എഐ അഥവാ നിര്‍മിത ബുദ്ധി എന്നുള്ളതാണ് ക്യാമ്പിന്റെ പഠന വിഷയം. പൂര്‍ണമായും പ്രായോഗിക സെഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യാമ്പില്‍ ഇലക്ട്രോണിക് കണ്‍സെപ്റ്റുകള്‍, ഫിക്മാ ഡിസൈന്‍, ഫിംഗര്‍ കാര്‍ഡ്, മൈക്രോ കണ്ട്രോളര് പ്രോഗ്രാമുകള്‍, എഐ ഉപയോഗിച്ചുള്ള പെയിന്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
16ന് രാവിലെ 9.30ന് രജിസ്ട്രേഷനോട് കൂടി ക്യാമ്പ് ആരംഭിക്കും. വൈകുന്നേരം 6.30ന് മീഡിയ വില്ലേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിര്‍വഹിക്കും. വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിക്കും.
വിക്രം സാരാഭായി ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ബിജു സി. തോമസ് മുഖ്യപ്രഭാഷണം നടത്തും. ഫാ. മനോജ് കറുകയില്‍, ഫാ. ഡൊമനിക് അയലുപറമ്പില്‍, ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. ജോസഫ് ആലഞ്ചേരി, ഫാ. ജോഫി പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. 18 ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ അധ്യക്ഷത വഹിക്കും.
നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കും. ഫാ. മാത്യു ആലപ്പാട്ടുമടയില്, ഫാ. ക്രിസ്റ്റോ നേര്യംപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. ടെക്നോവാ -2024 ക്യാമ്പിന്റെ നടത്തിപ്പിലേക്ക് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.