എരുമേലി-വാഴക്കാല-ആമക്കുന്ന് റോഡ് തകർന്നു
1452817
Thursday, September 12, 2024 11:26 PM IST
എരുമേലി: എരുമേലി-വാഴക്കാല-ആമക്കുന്ന് റോഡ് തകർന്നതോടെ ദുരിതയാത്രയിൽ പ്രദേശവാസികൾ. നടന്നുപോകാൻ പോലും കഴിയാത്ത വിധമാണ് റോഡ് തകർന്നിരിക്കുന്നത്.
നന്നാക്കാൻ പല തവണ പഞ്ചായത്ത് ഭരണസമിതിയിൽ ആവശ്യം അറിയിച്ചതാണെന്ന് വാർഡ് മെംബർ ജെസ്ന നജീബ് പറഞ്ഞു. ടൗണിനോട് ചേർന്നുള്ള ഈ വാർഡിൽ പരിമിതമായ ഫണ്ടാണ് അനുവദിക്കുന്നത്. റോഡ് ടാറിംഗ്, കോൺക്രീറ്റ് ജോലികൾ എടുക്കാൻ കരാറുകാർ വിമുഖത കാട്ടുന്നു. കരാറുകാരെ വിളിച്ചു വരുത്തി ഭരണസമിതി സംസാരിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ജെസ്ന നജീബ് പറഞ്ഞു.
സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്ന റോഡിലാണ് വലിയ കുഴികൾ നിറഞ്ഞിരിക്കുന്നത്. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധ സമരം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചു.