പുളിച്ചമാക്കല്‍ പാലം അപകടാവസ്ഥയില്‍; ഗതാഗതം തടസപ്പെട്ടു
1452809
Thursday, September 12, 2024 10:27 PM IST
കൊല്ലപ്പള്ളി: മൂന്നു പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന കൊല്ലപ്പള്ളി കവലവഴിമുക്ക്-മങ്കര-പ്രവിത്താനം പിഡബ്ല്യുഡി റോഡിലെ പുളിച്ചമാക്കല്‍ പാലം അപകടാവസ്ഥയില്‍. മൂന്നു മീറ്റര്‍ മാത്രം വീതിയുള്ള പാലത്തിന്റെ ഇരുഭാഗത്തും കുഴി രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ കഴിയുന്നില്ല. സ്കൂള്‍ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകാന്‍ പറ്റാതായതോടെ വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും നടന്നുപോകേണ്ട ഗതികേടിലാണ്.
കടനാട്, കരൂർ, ഭരണങ്ങാനം പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റോഡ് കടന്നുപോകുന്നത്. കടനാട് പഞ്ചായത്തിന്റെ അതിര്‍ത്തി പങ്കിടുന്ന പാലത്തിന്റെ മറുകരയില്‍ അമ്പതു മീറ്റര്‍ മാത്രമാണ് കരൂര്‍ പഞ്ചായത്തിന്റെ ഭാഗം ഉള്‍പ്പെടുന്നത്. പിന്നെ ഭരണങ്ങാനം പഞ്ചായത്തിന്റെ പരിധിയിലാണ് റോഡ്.
അറുപതു വര്‍ഷത്തിലേറെ പഴക്കം ഈ പാലത്തിനുണ്ട്. ഏഴു മീറ്ററാണ് നീളം. അപ്രോച്ച് റോഡില്‍ മുമ്പ് മണലാണ് നിറച്ചിരുന്നത്. ഇത് മഴക്കാലത്ത് ഒഴുകിപ്പോകുന്നതോടെ വന്‍ കുഴികള്‍ രൂപാന്തരപ്പെടുന്നത് പതിവാണ്.
ഈരാറ്റുപേട്ടയില്‍നിന്നു കുത്താട്ടുകുളം, എറണാകുളം ഭാഗത്തേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. മുമ്പും പാലത്തില്‍ പലതവണ കുഴികള്‍ രൂപാന്തരപ്പെട്ടിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെട്ടിരുന്നില്ല. അന്നൊക്കെ ജനപ്രതിനിധികള്‍ ഓടിയെത്തി പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ പാലിക്കപ്പെട്ടില്ല. പാലം അടിയന്തരമായി പുനര്‍നിര്‍മിച്ച് അപകടാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.